കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ദ കേരള സ്റ്റോറി എന്ന ചിത്രം നിരോധിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. മുഖ്യമന്ത്രി മമത ബാനർജി ഐഎസ്‌ഐഎസ് ഭീകര സംഘടനാ അനുഭാവിയാണോ എന്നാണ് ബിജെപി നേതാവ് സുവേന്ദു അധികാരി ചോദിച്ചത്.
മത പുരോഹിതന്മാർ പെൺകുട്ടികളെ കബളിപ്പിച്ച് മതം മാറ്റുന്ന വിഷയത്തെ കേന്ദ്രീകരിച്ചാണ് ‘ദി കേരള സ്റ്റോറി’, എന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഐഎസിന് വേണ്ടി പോരാടാൻ ഇവരെ അഫ്ഗാനിസ്ഥാൻ, യെമൻ, സിറിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് അയക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
ഇത് ഐഎസ്‌ഐഎസിനെതിരെയുള്ള സിനിമയാണ്. മമത ബാനർജി ഐഎസ് അനുഭാവിയാണോ എന്നും സുവേന്ദു അധികാരി ചോദിച്ചു. ഈ ചിത്രം തിയേറ്ററുകളിൽ പ്രദർശിപ്പിച്ചാൽ എങ്ങനെയാണ് സംസ്ഥാനത്തിന്റെ ക്രമസമാധാന നില തകരുന്നത്. സിനിമ നിരോധിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ തീരുമാനം ഉടൻ പിൻവലിക്കണം. അല്ലെങ്കിൽ മുഖ്യമന്ത്രി കസേര ഒഴിയണമെന്നും സുവേന്ദു അധികാരി പറഞ്ഞു.
സംസ്ഥാനത്ത് കലാപം ഒഴിവാക്കാനാണ് സിനിമ നിരോധിച്ചത് എന്നാണ് മമതയുടെ വാദം. നിർമാതാക്കളോട് പോലും വിശദീകരണം തേടാതെ ഏകപക്ഷീയമായിട്ടാണ് നീക്കം. ഈ സിനിമ ബംഗാളിലെയും രാജ്യത്തെയും സാമുദായിക സൗഹാർദ്ദം സിനിമ തകർക്കുമെന്ന് എസ്ഡിപിഐ ബംഗാൾ ഘടകം പ്രസിഡന്റ് തയീദുൾ ഇസ്ലാം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മമത സിനിമ നിരോധിക്കാൻ തീരുമാനമെടുത്തത്.
സിനിമ കേരളത്തിൽ പ്രദർശിപ്പിക്കുന്നതിന് സിപിഎമ്മിനെയും മമത വിമർശിച്ചു. തൃണമൂൽ കോൺഗ്രസ് ആയിരുന്നില്ല, സിനിമയ്‌ക്കെതിരെ ആദ്യം മുതൽ രംഗത്ത് വന്ന സിപിഎം ആയിരുന്നു ഇത് ചെയ്യേണ്ടിയിരുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് മമത വിലക്ക് പ്രഖ്യാപിച്ചത്.
Discussion about this post