താനൂർ: താനൂരിൽ അപകടത്തിന് കാരണമായ ബോട്ട് ഓടിച്ചിരുന്ന താനൂർ ഒട്ടുംപുറം സ്വദേശിയായ സ്രാങ്ക് ദിനേശനും ജീവനക്കാരൻ രാജനും വേണ്ടി തിരച്ചിൽ ശക്തമാക്കി പോലീസ്. അമിതമായി യാത്രക്കാരെ കയറ്റി ദിനേശൻ ബോട്ട് ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ മത്സ്യത്തൊഴിലാളികൾ പുറത്ത് വിട്ടിട്ടുണ്ട്. അപകടത്തിന് പിന്നാലെ ഒളിവിൽ പോയ ബോട്ടുടമ താനൂർ സ്വദേശി നാസറിനെ കോഴിക്കോട് നിന്ന് പോലീസ് ഇന്നലെ വൈകിട്ടോടെ അറസ്റ്റ് ചെയ്തിരുന്നു.
മീൻ പിടിക്കാൻ ഉപയോഗിച്ചിരുന്ന ഫൈബർ വള്ളമാണ് 20,000 രൂപയ്ക്ക് രൂപമാറ്റം വരുത്തി ടൂറിസ്റ്റ് ബോട്ടാക്കിയത്. ലൈഫ് ജാക്കറ്റ് ഉൾപ്പെടെ ഉള്ള ജീവൻരക്ഷാ ഉപകരണങ്ങളും ബോട്ടിനുള്ളിൽ ഉണ്ടായിരുന്നില്ല. ജീവനക്കാർ ഉൾപ്പെടെ 26 പേർക്ക് ഇതിനുള്ളിൽ യാത്ര ചെയ്യാമെന്നാണ് കുസാറ്റ് ഷിപ്പ് ടെക്‌നോളജി വിഭാഗത്തിന്റെ സ്‌റ്റെബിലിറ്റി റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ പോർട്ട് സർവ്വേയറുടെ റിപ്പോർട്ടിൽ ജീവനക്കാർ ഉൾപ്പെടെ 22 പേർക്കാണ് യാത്രാ അനുമതിയുള്ളത്.
അപകടസമയത്ത് 39 പേരെങ്കിലും ബോട്ടിനുള്ളിൽ ഉണ്ടായിരുന്നുവെന്നാണ് വിവരമെങ്കിലും കൃത്യമായ കണക്കില്ല. സംഭവത്തിൽ സ്വമേധയാ കേസെടുത്ത മനുഷ്യാവകാശ കമ്മീഷനും ബാലാവകാശ കമ്മീഷനും റിപ്പോർട്ട് തേടിയിട്ടുള്ളത്. അപകടത്തിൽ പെട്ട ബോട്ടിന് രജിസ്‌ട്രേഷനോ ബോട്ട് ഓടിച്ച സ്രാങ്കിന് ലൈസൻസോ ഇല്ല. സർവ്വേ നടപടികൾ പൂർത്തിയാക്കിയതിന്റെ ഭാഗമായുള്ള ഫയൽ നമ്പർ രജിസ്‌ട്രേഷൻ നമ്പറായി എഴുതിച്ചേർത്ത് ബോട്ട് ഉടമ തട്ടിപ്പ് നടത്തുകയായിരുന്നുവെന്നതിന്റെ തെളിവും പുറത്ത് വന്നിട്ടുണ്ട്.
Discussion about this post