തിരുവനന്തപുരം: സംസ്ഥാന പോലീസിനെ നാണക്കേടിലാക്കി വീണ്ടും മാമ്പഴ മോഷണം. പോത്തൻകോട് മേലുദ്യോഗസ്ഥരുടെ പേരിൽ പഴക്കടയിൽ നിന്നും മാമ്പഴം വാങ്ങിയ പോലീസുകാരൻ പണം നൽകാതെ മുങ്ങി. പോത്തൻകോട് കരൂർ ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന എംഎസ് സ്റ്റോഴ്‌സ് എന്ന കടയുടെ ഉടമ ജി മുരളീധരനാണ് പോലീസുകാരനെതിരെ പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.
കഴിഞ്ഞ മാസമായിരുന്നു കടയിൽ നിന്നും പോലീസുകാരൻ മാമ്പഴം വാങ്ങിയത്. കഴക്കൂട്ടം അസി. കമ്മീഷണർക്കും പോത്തൻകോട് സിഐയ്ക്കും വേണ്ടിയെന്ന പേരിലാണ് പോലീസുകാരൻ ഇവിടെ നിന്നും മാങ്ങ വാങ്ങിയത്. അഞ്ച് കിലോ മാമ്പഴം വാങ്ങിയ ഇയാൾ പണം നൽകാതെ പോകുകയായിരുന്നു.
കഴിഞ്ഞ ദിവസം മുരളീധരൻ പോലീസ് ഉദ്യോഗസ്ഥരെ കണ്ട് കാര്യം തിരക്കി. ഇതോടെയാണ് ചതി മനസ്സിലായത്. ഇതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോത്തൻകോട് ഇൻസ്‌പെക്ടർ ഡി മിഥുൻ സ്ഥലത്ത് എത്തി പ്രാഥമിക അന്വേഷണം നടത്തി.
മാങ്ങ വാങ്ങിയ പോലീസുകാരനെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് സൂചന. തുടരന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ തുടർ നടപടികൾ സ്വീകരിക്കും. അതേസമയം പരാതി ഉയർന്നതിന് പിന്നാലെ പോലീസുകാരൻ ഒളിവിൽ പോയെന്നാണ് വിവരം.
അടുത്തിടെ കാഞ്ഞിരപ്പള്ളിയിൽ വില കൂടിയ മാമ്പഴം മോഷ്ടിച്ച പോലീസുകാരനെ സർവ്വീസിൽ നിന്നും പിരിച്ചു വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പോലീസിന് വീണ്ടും തലവേദനയായി മറ്റൊരു മാമ്പഴ മോഷണ കേസുകൂടി ഉണ്ടാകുന്നത്.
Discussion about this post