തിരുനെല്ലി; വയനാട് തിരുനെല്ലിയിൽ പീഡനത്തിന് ഇരയായ വനവാസി പെൺകുട്ടിയെ പോലീസുകാർ ആശുപത്രിയിൽ നിന്ന് കടത്തിക്കൊണ്ടുപോയി. കുട്ടിയുടെ അച്ഛനും അടുത്ത ബന്ധുക്കളും വിഷയത്തിൽ ഇടപെട്ട പൊതു പ്രവർത്തകരും ആശുപത്രിയിൽ കാത്തിരിക്കവേയാണ് പെൺകുട്ടിയെ പിൻവാതിൽ വഴി പോലീസ് കടത്തിക്കൊണ്ടുപോയത്. മജിസ്‌ട്രേറ്റിന് അടുത്തേക്ക് കൊണ്ടുപോകുന്നുവെന്നാണ് പറഞ്ഞത്.
കേസ് അട്ടിമറിക്കാനുളള ആസൂത്രിത നീക്കമാണിതിന് പിന്നിലെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സിആർ പ്രഫുൽ കൃഷ്ണൻ ആരോപിച്ചു. സിപിഎമ്മിന്റെ പഞ്ചായത്ത് പ്രസിഡന്റിനും എംഎൽഎയ്ക്കും ഏറ്റവും വേണ്ടപ്പെട്ട ആളാണ് പ്രതി. ഇയാളെ സംരക്ഷിക്കാൻ വേണ്ടി പെൺകുട്ടിയുടെ മൊഴി മാറ്റാനുളള ശ്രമമാണ് പോലീസ് നടത്തുന്നതെന്നും പ്രഫുൽ കൃഷ്ണൻ പറഞ്ഞു. പെൺകുട്ടിയുടെ പിതാവുമൊത്ത് മാനന്തവാടി പ്രസ് ക്ലബ്ബിൽ വാർത്താസമ്മേളനം നടത്തിയ് പ്രഫുൽ കൃഷ്ണൻ സംഭവത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും ആവശ്യപ്പെട്ടു.
അഞ്ചാം തീയതിയാണ് പീഡനത്തിന് ഇരയായത്. ക്രൂരമായ പീഡനം നടന്ന് നാല് ദിവസമായിട്ടും കേസെടുക്കാൻ പോലീസ് മടിച്ചു. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഉൾപ്പെടെ പതിനഞ്ചിലേറെ മാരക മുറിവുകളാണുളളതെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇത്രയും ഗുരുതരമായ സംഭവം നടന്നിട്ടും തിരുനെല്ലിയിലെ പോലീസ് മൂടിവെയ്ക്കാൻ ശ്രമിച്ചു. പൊതുപ്രവർത്തകർ ഇടപെട്ട് മാദ്ധ്യമങ്ങളുടെ മുൻപിലേക്ക് സംഭവം വന്നപ്പോൾ കേസ് തേച്ചുമായ്ച്ചു കളയാനാണ് നീക്കം.
മകൾ എവിടെയുണ്ടെന്ന് പോലീസുകാരോട് വിളിച്ച് അന്വേഷിച്ചപ്പോൾ നിങ്ങൾ ഓട്ടോ വിളിച്ച് സ്‌റ്റേഷനിലേക്ക് വരാനാണ് പോലീസ് പറഞ്ഞതെന്ന് പ്രഫുൽ കൃഷ്ണൻ പറഞ്ഞു. പെൺകുട്ടി ആശുപത്രിയിലായ ശേഷവും ആശുപത്രി പരിസരത്ത് പ്രതി എത്തിയിരുന്നു. പെൺകുട്ടിയെ സ്വാധീനിച്ച് കേസ് ഒഴിവാക്കാനായിരുന്നു നീക്കം. അതിനും പോലീസ് ഒത്താശ ചെയ്തതായി പ്രഫുൽ കൃഷ്ണൻ ആരോപിച്ചു. മൊഴി മാറ്റാൻ വേണ്ടി പെൺകുട്ടിക്കും കുടുംബത്തിനും മേൽ ശക്തമായ സമ്മർദ്ദമുണ്ടായിരുന്നതായും പ്രഫുൽ കൃഷ്ണൻ പറഞ്ഞു.
സംഭവത്തിൽ ശക്തമായ പ്രക്ഷോഭവുമായി ബിജെപിയും യുവമോർച്ചയും മുന്നോട്ട് പോകുമെന്നും
സി.ആർ പ്രഭുൽ കൃഷ്ണൻ കൂട്ടിച്ചേർത്തു.
Discussion about this post