തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടറുടെ അരുംകൊല ഞെട്ടിക്കുന്നതാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. സുരക്ഷ സംബന്ധിച്ച് കേരളത്തിലെ ഡോക്ടർമാർ ഉയർത്തിയിരുന്ന ആശങ്ക പൂർണമായും ശരിയെന്ന് തെളിയിക്കുന്നതാണ് കൊലപാതകമെന്നും അദ്ദേഹം പറഞ്ഞു. ആതുരശുശ്രൂഷകരുടെ സുരക്ഷ ഉറപ്പാക്കാൻ കേരള സർക്കാരിന് ഒന്നും ചെയ്യാൻ സാധിക്കുന്നില്ല. ആരോഗ്യ വകുപ്പിന് കപ്പിത്താൻ ഇല്ല എന്ന് ഒരിക്കൽ കൂടി വ്യക്തമായിരിക്കുകയാണ്.
ഒരു ക്രിമിനലിനെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പരിശോധനയ്‌ക്കെത്തിച്ചത്. കഴിഞ്ഞ വർഷം മാത്രം 137 അതിക്രമങ്ങളാണ് ഡോക്ടർമാർക്കെതിരെ കേരളത്തിൽ നടന്നത്. 2012ൽ നിലവിൽ വന്ന ആശുപത്രി സംരക്ഷണ നിയമത്തിന് എന്താണ് സംഭവിച്ചത്? നാടെങ്ങും ക്രിമിനലുകൾ അഴിഞ്ഞാടുമ്പോൾ ആഭ്യന്തരമന്ത്രി അടുത്ത വിദേശയാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണെന്നും വി.മുരളീധരൻ വിമർശിച്ചു.
സ്ത്രീ സമത്വം, കേരള മോഡൽ, പ്രബുദ്ധ കേരളം എന്നെല്ലാം പാർട്ടി സ്റ്റഡി ക്ലാസുകളിലും സമൂഹമാദ്ധ്യമങ്ങളിലും ആവർത്തിച്ചാൽ പോര. ജനങ്ങളോട് ഉത്തരവാദിത്തമുണ്ടാകണം. ഡോ.വന്ദനയുടെ വേർപാടിൽ കുടുംബത്തിന് ഉണ്ടായ ദു:ഖത്തിൽ പങ്കു ചേരുകയാണെന്നും വി.മുരളീധരൻ വ്യക്തമാക്കി.
Discussion about this post