തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയ്ക്കിടെ വനിതാ ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ടതിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവം ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യപ്രവർത്തകർക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ വനിതാ ഡോക്ടർ വന്ദന ദാസ് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട സംഭവം ഞെട്ടിക്കുന്നതും അത്യധികം വേദനാജനകവുമാണ്. ചികിത്സക്കായി എത്തിച്ച വ്യക്തിയാണ് ഡോക്ടറെ ആക്രമിച്ചത്. അക്രമം തടയാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥർക്കും മറ്റുള്ളവർക്കും കുത്തേറ്റിട്ടുണ്ട്.
ഡ്യൂട്ടിക്കിടയിൽ ആരോഗ്യപ്രവർത്തകർ ആക്രമിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ല. സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തും. ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കുമെതിരെ ഉണ്ടാകുന്ന ആക്രമണങ്ങളിൽ സർക്കാർ ശക്തമായ നടപടി സ്വീകരിക്കും. കൊല്ലപ്പെട്ട ഡോക്ടർ വന്ദനാ ദാസിന്റെ കുടുംബത്തെ ആശുപത്രിയിലെത്തി ആശ്വസിപ്പിച്ചു. അവരുടെയും സഹപ്രവർത്തകരുടെയും ദുഖത്തിൽ പങ്കുചേരുന്നു. അനുശോചനം രേഖപ്പെടുത്തുന്നു.- മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
Discussion about this post