തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്ടർ ഡ്യൂട്ടിയ്ക്കിടെ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമർശത്തിൽ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. അതീവ ദു:ഖകരമായ വേളയിൽ തന്റെ വാക്കുകൾ വളച്ചൊടിക്കുകയാണെന്ന് വീണാ ജോർജ് ഫേസ്ബുക്കിൽ കുറിച്ചു. ആക്രമണങ്ങൾ തടയാനുള്ള പരിചയക്കുറവാണ് വന്ദന ദാസിന്റെ ജീവൻ നഷ്ടപ്പെടുന്ന അവസ്ഥയ്ക്ക് കാരണമായത് എന്നായിരുന്നു ആരോഗ്യമന്ത്രിയുടെ പരാമർശം.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം
‘പോലീസ് എയ്ഡ് പോസ്റ്റ് ഒക്കെ ഉള്ള ഹോസ്പിറ്റലാണ്. പോലീസ് കൊണ്ടുവന്ന പ്രതിയാണല്ലോ. അവിടെ സിഎംഒ ഒക്കെ ഉണ്ടായിരുന്നു. മറ്റ് ആരോഗ്യ പ്രവർത്തകർ ഉണ്ടായിരുന്നു. ഈ മോൾ ഒരു ഹൗസ് സർജൻ ആണ്. അത്ര എക്സ്പീരിയൻസഡ് അല്ല. അതുകൊണ്ട് ഇങ്ങനെയൊരു ആക്രമണം ഉണ്ടായപ്പോൾ ഭയന്നിട്ടുണ്ട് എന്നാണ് ഡോക്ടർമാർ അവിടെനിന്ന് അറിയിച്ചിട്ടുള്ള വിവരം. അങ്ങനെ വളരെ വിഷമകരമായിട്ടുള്ള ഒരു സംഭവമാണ്. ‘
കൊല്ലത്ത് ഡോക്ടർ വന്ദന കൊല്ലപ്പെട്ട സംഭവത്തിൽ എന്റെ വാക്കുകൾ ഇതാണ്. ഈ സംഭവത്തെക്കുറിച്ച് അവിടെയുള്ള ആരോഗ്യപ്രവർത്തകർ പറഞ്ഞ കാര്യങ്ങളാണ് ഞാൻ പറഞ്ഞത്.
ഒരു പെൺകുട്ടി ദാരുണമായി കൊല്ലപ്പെട്ട ദുഃഖകരമായ സാഹചര്യത്തിലെ വാക്കുകളെ, വളച്ചൊടിച്ച് വിവാദമാക്കാൻ ശ്രമിക്കുന്നത് എന്ത് ക്രൂരതയാണ്. അത് മാദ്ധ്യമങ്ങളുടെ തലപ്പത്തുള്ളവരും പ്രതിപക്ഷവും ചിന്തിക്കണം. ഒരു ദുരന്തമുഖത്ത് പോലും വിവാദമുണ്ടാക്കാനുള്ള നികൃഷ്ട മനസ്സാണ് ഇവിടെ വെളിവാകുന്നത്. ഞാൻ പറഞ്ഞ വാക്കുകൾ അവിടെ തന്നെയുണ്ട്. ദുരന്തത്തെക്കുറിച്ച് ഇത്ര ഇൻസെൻസിറ്റീവായി പ്രതികരിക്കുന്ന ആളല്ല ഞാനെന്ന് എന്നെ അറിയുന്നവർക്ക് അറിയാം. വിശദീകരണത്തിനുള്ള സമയമല്ല ഇത്. എങ്കിലും മാദ്ധ്യമങ്ങൾ വാക്കുകൾ വളച്ചൊടിച്ച് പ്രചരിപ്പിക്കുമ്പോൾ ജനങ്ങൾ വസ്തുത മനസിലാക്കണമെന്നത് കൊണ്ട് ഇത്രയും പറയുന്നു. ബാക്കി പിന്നീട് പറയാം.
Discussion about this post