അമൃത്സർ: അമൃത്സറിലെ സുവർണക്ഷേത്രത്തിന് സമീപം ഇന്നലെ രാത്രിയുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് അഞ്ച് പേർ അറസ്റ്റിൽ. അമൃത്സറിലെ ഹെറിറ്റേജ് സ്ട്രീറ്റിന് സമീപം ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സ്‌ഫോടനം ഉണ്ടായത്. അഞ്ച് ദിവസത്തിനിടെ പ്രദേശത്ത് ഉണ്ടായ മൂന്നാമത്തെ സ്ഫോടനമാണിത്. ബോംബ് എറിഞ്ഞ് സ്‌ഫോടനം ഉണ്ടാക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
ആദ്യ രണ്ട് സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ സുവർണ ക്ഷേത്രത്തിന് സമീപം പോലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. എൻഐഎ സംഘവും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറൻസിക് സംഘവും സ്‌ഫോടനുമുണ്ടായ സ്ഥലത്ത് നിന്ന് സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഹെൽത്ത് ഡ്രിങ്ക് ക്യാനുകളിൽ സ്‌ഫോടക വസ്തു നിറച്ചാണ് ബോംബ് ഉണ്ടാക്കിയതെന്നാണ് പ്രാഥമിക സൂചന.
അക്രമികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല. സ്‌ഫോടനമുണ്ടായ സ്ഥലത്ത് നിന്ന് ലഘുലേഖകളും കണ്ടെടുത്തിട്ടുണ്ട്. തങ്ങൾക്ക് ഒരു സംഘടനയുമായും ബന്ധമില്ലെന്ന് ബോംബ് എറിഞ്ഞയാൾ പഞ്ചാബ് പോലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഈ മാസം ആറിനാണ് അമൃത്സറിൽ ആദ്യ സ്‌ഫോടനം ഉണ്ടാകുന്നത്. തിങ്കളാഴ്ചയാണ് രണ്ടാമത്തെ സ്‌ഫോടനം ഉണ്ടായത്. തുടർച്ചയായുണ്ടായ സ്‌ഫോടനങ്ങൾ നാട്ടുകാരിലും പരിഭ്രാന്തി ഉണ്ടാക്കിയിട്ടുണ്ട്. തിങ്കളാഴ്ചയുണ്ടായുണ്ടായ സ്‌ഫോടനത്തിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു. ഇക്കുറി വീര്യമേറിയ സ്‌ഫോടക വസ്തുക്കളല്ല ഉപയോഗിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.
Discussion about this post