തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന ദാസ് ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത് ഒറ്റപ്പെട്ട സംഭവമാണെന്ന് ഡിവൈഎഫ്. മാദ്ധ്യമങ്ങളോട് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജിന്റേതായിരുന്നു പ്രതികരണം. ലഹരിയ്‌ക്കെതിരെ ഡിവൈഎഫ്‌ഐ പോരാട്ടം ശക്തമാക്കുമെന്നും സനോജ് പറഞ്ഞു.
ഡ്യൂട്ടിയ്ക്കിടെ ഡോ. വന്ദന കൊല്ലപ്പെട്ടത് ഒറ്റപ്പെട്ട സംഭവമാണ്. പ്രതി അമിതമായി ലഹരി ഉപയോഗിച്ചിരുന്നു. ഇതാണ് ക്രൂരതയിലേക്ക് പ്രതിയെ നയിച്ചത്. സംഭവം വേദനാജനകമാണ്. ലഹരിയ്‌ക്കെതിരെ പോരാട്ടം കൂടുതൽ ശക്തമാക്കേണ്ട സമയമാണ് ഇപ്പോഴുള്ളത്. ആ പോരാട്ടം ഡിവൈഎഫ്‌ഐ ഏറ്റെടുത്ത് ശക്തമാക്കുമെന്നും സനോജ് വ്യക്തമാക്കി.
നിലവിൽ വന്ദനയുടെ കൊലപാതകത്തിൽ സർക്കാരിനെതിരെ ശക്തമായ പ്രതിഷേധവും വിമർശനവും തുടരുകയാണ്. ഇതിനിടെയാണ് ഒറ്റപ്പെട്ട സംഭവമാണ് ഉണ്ടായതെന്ന പ്രതികരണവുമായി ഡിവൈഎഫ്‌ഐ രംഗത്ത് എത്തിയിരിക്കുന്നത്. കഴിഞ്ഞ ഏതാനും നാളുകളായി ആശുപത്രികളിൽ ഡ്യൂട്ടിയ്ക്കിടെ ആരോഗ്യപ്രവർത്തകർ ആക്രമിക്കപ്പെടുന്ന നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ സർക്കാർ പാലിച്ച മൗനമാണ് വന്ദനയുടെ മരണത്തിൽ കലാശിച്ചത്.
അതേസമയം സംഭവത്തിൽ പോലീസ് വിശദമായ റിപ്പോർട്ട് ഹൈക്കോടതിയ്ക്ക് കൈമാറി. പോലീസിന്റെ ഭാഗത്ത് വീഴ്ചയില്ലെന്ന് വിശദമാക്കുന്നതാണ് റിപ്പോർട്ട്.
Discussion about this post