ശ്രീനഗർ: ഭീകരവാദ പ്രവർത്തനങ്ങൾക്കായി ധനസമാഹരണം നടത്തിയ കേസുമായി ബന്ധപ്പെട്ട് കശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന തുടർന്ന് എൻഐഎ. ഇന്ന് കശ്മീരിലെ 11 ഇടങ്ങളിൽ എൻഐഎ പരിശോധന നടത്തി. ഭീകരവാദ പ്രവർത്തനങ്ങൾക്കായി ജമാഅത്ത് ഇ ഇസ്ലാമി ധനസമാഹരണം നടത്തിയ കേസിലാണ് എൻഐഎയുടെ പരിശോധന തുടരുന്നത്.
ബുദാഗാം, ബരാമുള്ള, കുപ്വാര, പുൽവാമ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. ഇവിടെ നിന്നും നിർണായക വിവരങ്ങൾ അന്വേഷണ ഏജൻസിയ്ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഇതിൽ വിശദമായി അന്വേഷണം നടത്തും.
സാമൂഹിക സേവന പ്രവർത്തനങ്ങൾക്കെന്ന പേരിൽ വിദേശത്ത് നിന്നും ജമാഅത്ത് ഇ ഇസ്ലാമി പണം സമാഹരിച്ചുവെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. ഈ പണം ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട സ്രോതസ്സുകൾ ഉൾപ്പെടെയാണ് കേന്ദ്ര ഏജൻസി പരിശോധിക്കുന്നത്.
ഭീകരവാദത്തിന് അന്ത്യം കുറിയ്ക്കാൻ ശക്തമായ നീക്കങ്ങളുമായി എൻഐഎ മുന്നോട്ട് പോകുകയാണ്. ഇതിന്റെ ഭാഗമായി ബുധനാഴ്ച എൻഐഎ ഭീകരായ മൂന്ന് പേരുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നു. ഹിസ്ബുൾ മുജാഹിദ്ദീൻ, ജെയ്‌ഷെ മുഹമ്മദ് ഭീകരരുെടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഇവർക്കെതിരെ എൻഐഎ യുഎപിഎ ചുമത്തിയിരുന്നു.
Discussion about this post