കോഴിക്കോട്: രണ്ടാം പിണറായി വിജയൻ സർക്കാർ രണ്ടാം വർഷം പൂർത്തിയാക്കുമ്പോൾ ഭരണ തകർച്ചയും അരാജകത്വവും മാത്രമാണ് കേരളത്തിൽ നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഈ സർക്കാരിന്റെ എല്ലാ വകുപ്പുകളും പൂർണ പരാജയമാണ്. ആഭ്യന്തര മന്ത്രിയെന്ന നിലയിൽ മുഖ്യമന്ത്രി വൻ പരാജയമാണെന്നും കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
മയക്കുമരുന്ന് ലോബിയെ നേരിടുന്ന കാര്യത്തിൽ സർക്കാർ ദയനീയമായി പരാജയപ്പെട്ടു. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഡോക്ടർ വന്ദനയുടെത്. ദാരുണമായി പരിക്കേറ്റ വന്ദനയ്ക്ക് പ്രാഥമിക ചികിത്സ നൽകാൻ പോലും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സംവിധാനമില്ലായിരുന്നു. എന്തുകൊണ്ടാണ് സർക്കാർ ആശുപത്രികൾ നിലവാരമില്ലാതെയായിരിക്കുന്നത്? പോലീസുകാർക്ക് എന്ത് പരിശീലനമാണ് കേരളത്തിൽ കൊടുക്കുന്നത്? സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ വ്യാപകമായ ആക്രമണമാണ് നടക്കുന്നത്. സർക്കാരിന് ഒന്നും ചെയ്യാനാവുന്നില്ല. ഒരു നിയമവും കേരളത്തിൽ പാലിക്കപ്പെടുന്നില്ല.
മീൻ പിടിക്കുന്ന ബോട്ട് ടൂറിസ്റ്റ് ബോട്ടാക്കി മാറ്റുന്നത് കേരളത്തിൽ അല്ലാതെ മറ്റെവിടെ നടക്കും. സിപിഎം നേതാക്കൻമാരുടെ അനുയായി ആയ ബോട്ടുടമയെ രക്ഷിക്കാൻ ശ്രമിച്ചത് ആരാണ്? മയക്കുമരുന്ന് ഉപയോഗം അന്വേഷിക്കാൻ ബോട്ടിൽ ഒരു പോലീസ് ഉദ്യോഗസ്ഥനുണ്ടായിരുന്നു. മരിച്ചതിൽ ഒരാൾ ആ പോലീസുകാരനാണ്. താനൂർ ദുരന്തത്തിൽ റിയാസും അബ്ദുൾ റഹിമാനും ഉത്തരവാദികളാണ്. മുഖ്യമന്ത്രി ലീഗ് നേതാക്കളെ കണ്ട് എല്ലാം സബൂറാക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
കൊട്ടാരക്കര സംഭവത്തിൽ ആരോഗ്യമന്ത്രി മനുഷ്യത്വരഹിതമായ പ്രസ്താവന നടത്തുകയാണ്. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്നില്ല, ഡോക്ടർമാരില്ല. പല സർക്കാർ ഡോക്ടർമാരും ലീവെടുത്ത് സ്വകാര്യ പ്രാക്ടീസ് നടത്തുകയാണ്. പൊതുആരോഗ്യ വകുപ്പിൽ ജനങ്ങൾക്ക് വിശ്വാസമില്ല. മുഖ്യമന്ത്രി വിദേശയാത്ര നടത്തുന്നതിന് എന്തിനാണെന്ന് എല്ലാവർക്കും അറിയാം. അതുകൊണ്ടാണ് വിദേശയാത്രയ്ക്ക് ഇത്തവണ അനുമതി കിട്ടാതിരുന്നത്.
സർവ്വത്ര കൊള്ളയാണ് കേരളത്തിൽ നടക്കുന്നത്. വിലക്കയറ്റം രൂക്ഷമായിരിക്കുകയാണ്. വൈദ്യുതി ബിൽ, വെള്ളക്കരം, കെട്ടിട നികുതി, അധിക സെസുകൾ എന്നിവ കൊണ്ട് ജനജീവിതം പൊറുതിമുട്ടിയിരിക്കുകയാണ്. രണ്ടാം വാർഷികത്തിന് സർക്കാർ കടക്കെണിയിലായ സംസ്ഥാനത്തെ പരസ്യം കൊടുത്ത് കൂടുതൽ ദുരിതമാക്കുകയാണ്. കേരളത്തിലെ ഓദ്യോഗിക പ്രതിപക്ഷമായ കോൺഗ്രസ് മുഖ്യശത്രുവായി ബിജെപിയെ പ്രഖ്യാപിച്ചിരിക്കുകയാണ്. എൽഡിഎഫ് സർക്കാർ അവരുടെ ശത്രുവല്ലെന്നാണ് അവർ പറയുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
പിണറായി സർക്കാരിന്റെ വാർഷികം ബിജെപി പ്രതിഷേധവാരമായി ആചരിക്കും. മെയ് 20ന് കരിദിനമായിരിക്കും. അന്ന് സെക്രട്ടറിയേറ്റിലേക്കും ജില്ലാ കേന്ദ്രങ്ങളിലേക്കും പ്രതിഷേധ മാർച്ചുകൾ നടക്കും. 27 വരെ വിവിധ പ്രതിഷേധങ്ങൾക്ക് പാർട്ടി നേതൃത്വം കൊടുക്കും. ബൂത്തിലും പഞ്ചായത്തിലും മണ്ഡലത്തിലും പ്രതിഷേധം സംഘടിപ്പിക്കും. വിവിധ മോർച്ചകളുടെ നേതൃത്വത്തിലും പ്രതിഷേധ പരിപാടികൾ നടക്കും.
Discussion about this post