കൊച്ചി: നടൻ ആന്റണി വർഗീസിനെതിരായ പരാമർശത്തിൽ മാപ്പപേക്ഷയുമായി സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. ജൂഡിന്റെ പരാമർശത്തിനെതിരെ നടൻ നിയമപരമായി മുന്നോട്ട് പോകുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് മാപ്പ് പറഞ്ഞത്.ആന്റണിക്കെതിരായ പരാമർശങ്ങളിൽ കുറ്റബോധമുണ്ടെന്നും സത്യമാണോ എന്നു പോലും തനിക്കറിയാത്ത കാര്യമായിരുന്നു ആന്റണിയുടെ സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട് പറഞ്ഞതെന്നും ജൂഡ് പറഞ്ഞു.
അങ്ങനെ പറയേണ്ടിയിരുന്നില്ല, പറഞ്ഞ ടോണും മാറിപ്പോയി. അദ്ദേഹത്തിന്റെ സഹോദരിക്കും കുടുംബത്തിനും ഒരുപാട് വിഷമം ഉണ്ടായിട്ടുണ്ടാകും. അതുകൊണ്ടുതന്നെ ഞാൻ അവരോട് മാപ്പ് പറയുകയാണ്. അത് പറയാൻ ഞാൻ അവരെ വിളിച്ചിരുന്നു, എന്നാൽ കിട്ടിയില്ലെന്ന് ജൂഡ് പറഞ്ഞു.
ഞാൻ ആ നിർമ്മാതാവിന്റെ കാര്യമേ അപ്പോൾ ആലോചിച്ചിരുന്നുള്ളു. അദ്ദേഹവും ഭാര്യയും മക്കളുമൊക്കെ കരയുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതോർത്തപ്പോൾ പറഞ്ഞു പോയതാണ്. ഉള്ളിലില്ലാത്ത ദേഷ്യമാണ് പുറത്തുവന്നത്. അത് ഭയങ്കര ചീപ്പ് ആയിപ്പോയെന്ന് സംവിധായകൻ കൂട്ടിച്ചേർത്തു.
വായിലെ നാക്ക് മൂലം ഒരുപാട് ശത്രുക്കളെ ഉണ്ടാക്കിയിട്ടുണ്ട്. പാവം പെപ്പെയെ അങ്ങനെ പറഞ്ഞതിലുള്ള കുറ്റബോധത്തിലാണ് താനെന്നും അദ്ദേഹം പറഞ്ഞു.ഭയങ്കര വിഷമം തോന്നി. ഞാൻ ഈ ആവേശഭരിതനാവുന്നതും ഇമോഷണലാവുന്നതുമൊക്കെ സ്ഥിരമുള്ളതാണ്. അത് കഴിഞ്ഞ കഥകളാണ്. അത് കഴിഞ്ഞുപോയി. എനിക്കവനോട് വ്യക്തിപരമായി പകയൊന്നുമില്ലെന്ന് സംവിധായകൻ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് ഒരു അഭിമുഖത്തിനിടെ, ജൂഡ് നടനെതിരെ ഗുരുതര ആരോപണമുണ്ടാക്കിയത്. അഭിനയിക്കാമെന്ന കരാറിൽ ആന്റണി തന്റെ കൈയ്യിൽ നിന്ന് പണം വാങ്ങി സഹോദരിയുടെ വിവാഹം നടത്തിയശേഷം സിനിമയിൽ നിന്ന് പിന്മാറിയെന്നായിരുന്നു ജൂഡിന്റെ ആരോപണം. മലയാള സിനിമയിൽ കഞ്ചാവും ലഹരിയും മാത്രമല്ല മനുഷ്യത്വമില്ലായ്മയും പ്രശ്‌നമാണെന്നും ആന്റണി വർഗീസ് വന്ന വഴി മറന്നെന്നും ജൂഡ് ആന്തണി കുറ്റപ്പെടുത്തിയിരുന്നു.
ഇതിന് പിന്നാലെ തന്റെ ഭാഗം വ്യക്തമാക്കി ആന്റണി രംഗത്തെത്തി. അച്ഛനും അമ്മയും കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം ഉപയോഗിച്ചാണ് സഹോദരിയുടെ വിവാഹം നടത്തിയതെന്നും, സിനിമയ്ക്ക് ലഭിച്ച പണം തിരിച്ച് നൽകിയതിന് മാസങ്ങൾക്ക് ശേഷമാണ് സഹോദരിയുടെ വിവാഹം നടത്തിയതെന്നും ആന്റണി വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച ബാങ്ക് രേഖകളും അദ്ദേഹം പുറത്ത് വിട്ടിരുന്നു. അമ്മ നിയമപരമായി മുന്നോട്ട് പോവുകയാണെന്നും നടൻ വെളിപ്പെടുത്തിയിരുന്നു.
Discussion about this post