തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആശുപത്രി സംരക്ഷണ നിയമത്തിൽ ആവശ്യമായ ഭേഗദതി വരുത്താൻ സർക്കാർ തീരുമാനം. നിയമ ഭേദഗതി സംബന്ധിച്ച ഓർഡിനൻസ് അടുത്ത മന്ത്രിസഭാ യോഗത്തിൽ കൊണ്ടുവരാൻ തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം തീരുമാനിച്ചു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ വനിതാ ഹൗസ് സർജൻ കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ദ്രുതഗതിയിലുളള നടപടി.
ആരോഗ്യപ്രവർത്തകരുടെ സുരക്ഷ സംബന്ധിച്ച് ആരോഗ്യ വകുപ്പും ആഭ്യന്തര വകുപ്പും സംയുക്തമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നു മുഖ്യമന്ത്രി നിർദേശിച്ചു. ആശുപത്രികളെ മൂന്ന് വിഭാഗങ്ങളായി തിരിച്ച് സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തും. ആദ്യ വിഭാഗത്തിൽ വരുന്ന മെഡിക്കൽ കോളജുകൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ, സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രികൾ എന്നിവിടങ്ങളിൽ പോലീസ് ഔട്ട്പോസ്റ്റുകൾ സ്ഥാപിക്കും. എസ്.ഐ, എ.എസ്.ഐ, സി.പി.ഒ എന്നിങ്ങനെ ഉദ്യോഗസ്ഥരെ ഡെപ്യൂട്ടേഷനിൽ ഇവിടെ വിന്യസിക്കും.
മറ്റ് ആശുപത്രികളിലും പോലീസിന്റെ പൂർണ നിരീക്ഷണം ഉറപ്പാക്കും. എല്ലാ ആശുപത്രികളിലും ആവശ്യമായ സിസിടിവിക്യാമറകൾ സ്ഥാപിക്കണം. സിസിടിവിയുടെ കൃത്യമായ നിരീക്ഷണം ഉറപ്പാക്കണം. ആശുപത്രികളിൽ മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കണമെന്നും യോഗത്തിൽ നിർദ്ദേശമുയർന്നു.
എല്ലാ ആശുപത്രികളിലും ഓരോ ആറ് മാസത്തിലും സുരക്ഷാ ഓഡിറ്റ് നടത്തണം. ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ ആരോഗ്യ, പൊലീസ് വകുപ്പുകൾ ഇതു നിർവഹിക്കണം. സർക്കാർ ആശുപത്രികളിൽ രാത്രി അത്യാഹിത വിഭാഗങ്ങളിൽ രണ്ടു ഡോക്ടർമാരെ നിയമിക്കാൻ കഴിയുമോയെന്നു പരിശോധിക്കണം. പ്രതികളേയും അക്രമ സ്വഭാവമുള്ള ആളുകളേയും ആശുപത്രിയിൽ കൊണ്ടുപോകുമ്പോൾ പ്രത്യേക സുരക്ഷാ സംവിധാനം ഏർപ്പെടുത്തണം.
ആരോഗ്യ മന്ത്രി വീണാ ജോർജ് ഓൺലൈനായി യോഗത്തിൽ പങ്കെടുത്തു. ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു, സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.എം. ഏബ്രഹാം, പ്രിൻസിപ്പൽ സെക്രട്ടറിമാരായ എ.പി.എം. മുഹമ്മദ് ഹനീഷ്, ടിങ്കു ബിസ്വാൾ, എ.ഡി.ജി.പിമാരായ എം.ആർ. അജിത് കുമാർ, ടി.കെ. വിനോദ് കുമാർ, നിയമ വകുപ്പ് സെക്രട്ടറി ഹരി നായർ തുടങ്ങിയവർ പങ്കെടുത്തു.
Discussion about this post