ഇടുക്കി: ചെറുതോണിയിൽ മെഡിക്കൽ സ്റ്റോർ ഉടമയയുടെ ശരീരത്തിൽ ആസിഡ് ഒഴിച്ച സംഭവത്തിൽ പ്രതി പിടിയിൽ. വാഴത്തോപ്പ് സ്വദേശിയായ യുവാവാണ് പിടിയിലായത്. ചെറുതോണി സ്വദേശി ലെെജുവായിരുന്നു ആസിഡ് ആക്രമണത്തിന് ഇരയായത്.
പ്രതിയുടെ പേരോ മറ്റ് വിവരങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല. ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിനായിരുന്നു സംഭവത്തിന്റെ അന്വേഷണ ചുമതല. സംഭവത്തിൽ കൂടതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇവർക്കായി പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ ആളിൽ നിന്നും കൂടുതൽ വിവരങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്.
ചെറുതോണി ടൗണിൽ മരിയ എന്ന പേരിൽ മെഡിക്കൽ ഷോപ്പ് നടത്തിവരികയാണ് ലൈജു. രാത്രി കട അടച്ച് അദ്ദേഹം വീട്ടിലേക്ക് പോകുകയായിരുന്നു. ഇതിനിടെയാണ് ആക്രമണം ഉണ്ടായത്. ബൈക്കിൽ എത്തിയ അക്രമികൾ ലൈജുവിന്റെ വാഹനം തടഞ്ഞു നിർത്തി രാവിലെ എപ്പോൾ കട തുറക്കുമെന്ന് ചോദിച്ചു. നാളെ എട്ട് മണിയ്ക്ക് എന്ന് മറുപടി പറഞ്ഞ് ലൈജു പോകാൻ ശ്രമിച്ചു. എന്നാൽ എന്നാൽ ഇനി മെഡിക്കൽ ഷോപ്പ് തുറക്കേണ്ട എന്നു പറഞ്ഞ് ബൈക്കിനു പുറകിലിരുന്നയാൾ കയ്യിൽ കരുതിയിരുന്ന ആസിഡ് ഒഴിക്കുകയായിരുന്നു.
സാരമായി പൊള്ളലേറ്റ ലൈജുവിനെ അതുവഴി പോയ യാത്രികരാണ് ആശുപത്രിയിൽ എത്തിച്ചത്. നിലവിൽ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്.
Discussion about this post