കൊട്ടാരക്കര: താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ.വന്ദന ദാസ് കൊല്ലപ്പെട്ട ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കേസിലെ നിർണായക തെളിവായ സിസിടിവി ദൃശ്യങ്ങൾ ആശുപത്രി അധികൃതർ കോടതിക്ക് കൈമാറി. പ്രതിയായ സന്ദീപിന്റെ കുത്തേറ്റ് കുഴഞ്ഞ് വീഴുന്ന ഡോ.വന്ദനയെ രക്ഷിച്ച് ആശുപത്രിയുടെ പുറത്തേക്ക് കൊണ്ടുപോകാൻ സഹപ്രവർത്തകനായ ഡോ.ഷിബിൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
പത്താം തിയതി പുലർച്ചെ 4.30 മുതൽ അരമണിക്കൂറോളം സമയം താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സന്ദീപ് അതിക്രമം നടത്തുന്നതായി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. കാഷ്വാലിറ്റിയുടെ വരാന്തയിലും അതിന് പുറത്ത് സ്ഥാപിച്ചിട്ടുള്ളതായ രണ്ട് സിസിടിവികളിലെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. രാവിലെ 4.30നാണ് വൈദ്യപരിശോധനയ്ക്കായി സന്ദീപ് കാഷ്വാലിറ്റിയിലേക്ക് കയറുന്നത്. 4.40ഓടെയാണ് സന്ദീപ് ആക്രമണം നടത്തുന്നത്. കുത്തേറ്റ് ആശുപത്രിക്ക് പുറത്തേക്കോടുന്ന ഹോം ഗാർഡ് അലക്‌സ് കുട്ടിയേയും പോലീസ് ഉദ്യോഗസ്ഥൻ മണിലാലിനേയും ദൃശ്യങ്ങളിൽ കാണാം. ആശുപത്രിക്കുള്ളിൽ നടന്ന കാര്യങ്ങൾ വ്യക്തമല്ല.
ഗുരുതരമായി പരിക്കേറ്റ ഡോ.വന്ദനയേയും കൊണ്ട് ഡോ.ഷിബിൻ പുറത്തേക്കോടുന്നതാണ് അടുത്ത ദൃശ്യം. ആശുപത്രിയുടെ പടിക്കൽ വച്ച് വന്ദന കുഴഞ്ഞ് വീഴുന്നു. ഉടൻ തന്നെ പോലീസ് ജീപ്പിൽ കയറ്റി ഡോ.വന്ദനയെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു. ഈ സമയം പുറത്തിറങ്ങിയ സന്ദീപ് കത്രികയിലെ ചോര പൈപ്പ് വെള്ളത്തിൽ കഴുകി കളയുന്നു. ആംബുലൻസ് ഡ്രൈവറായ രാജേഷ് ഈ സമയം സന്ദീപിനെ പുറകിൽ നിന്ന് കീഴ്‌പ്പെടുത്തുന്നു. പിന്നീട് പോലീസും അവിടെ ഉണ്ടായിരുന്നവരും ചേർന്ന് ഇയാളുടെ കൈകൾ പിന്നിലേക്ക് പിടിച്ച് കെട്ടിയിടുകയാണ്. സന്ദീപിനെ പേടിച്ച് പുറത്തേക്കോടിയ പോലീസുകാർ വന്ദനയ്ക്ക് കുത്തേറ്റതിന് ശേഷമാണ് തിരികെ എത്തുന്നത് എന്നതും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.
Discussion about this post