കുമളി: അരിക്കൊമ്പൻ പെരിയാറിലേക്ക് മടങ്ങി എത്താനുള്ള സാധ്യത മങ്ങിയതായി വിദഗ്ധർ. കഴിഞ്ഞ ഒരാഴ്ചയായി തമിഴ്‌നാടിന്റെ വനമേഖലയിൽ തന്നെയാണ് അരിക്കൊമ്പൻ നിലയുറപ്പിച്ചിരിക്കുന്നത്. മേഘമലയിലുള്ള കറുപ്പസ്വാമി എന്നയാളുടെ എസ്റ്റേറ്റിലാണ് കഴിഞ്ഞ രണ്ട് ദിവസമായി അരിക്കൊമ്പൻ ഉള്ളത്. മേഘമലയിലെ തന്നെ മറ്റൊരു എസ്റ്റേറ്റിലൂടെ അരിക്കൊമ്പൻ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു.
അരിക്കൊമ്പന് മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നാണ് തമിഴ്‌നാട് വനംവകുപ്പ് നൽകുന്ന വിവരം. കറുപ്പസ്വാമിയുടെ എസ്റ്റേറ്റിനുള്ളിലെ 500മീറ്റർ ചുറ്റളവിലാണ് ആന ചുറ്റിത്തിരിഞ്ഞു കൊണ്ടിരിക്കുന്നത്. അതേസമയം ഈ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് താമസിക്കാൻ നിർമ്മിച്ചിരുന്ന കെട്ടിടം ആന ഇടിച്ച് തകർത്തതായി എസ്റ്റേറ്റിലെ കാവൽക്കാരനായ കാർത്തിക് ആരോപിച്ചു.
എന്നാൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ സ്ഥിരീകരണം നൽകിയിട്ടില്ല. ചിന്നക്കനാലിലേത് പോലെ അരിക്കൊമ്പൻ ഇവിടെ ആക്രമണങ്ങൾ നടത്തുന്നില്ല എന്നതാണ് തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. അതുകൊണ്ട് തന്നെ തത്കാലത്തേക്ക് പെരിയാർ കടുവാ സങ്കേതത്തിലേക്ക് അരിക്കൊമ്പനെ തുരത്തേണ്ടതില്ല എന്നാണ് തീരുമാനം. ഒരാഴ്ച കൂടി ആനയെ നിരീക്ഷിച്ച ശേഷമായിരിക്കും കൂടുതൽ കാര്യങ്ങൾ തീരുമാനിക്കുന്നത്.
അതേസമയം മേഘമലയിൽ വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരും. ഏപ്രിൽ അവസാനത്തോടെയാണ് അരിക്കൊമ്പനെ റേഡിയോ കോളർ ഘടിപ്പിച്ച് പെരിയാർ കടുവാ സങ്കേതത്തിൽ തുറന്ന് വിട്ടത്. മംഗളാദേവി ക്ഷേത്രത്തിന് സമീപത്തുള്ള മേദകാനത്തിനും മുല്ലക്കുടിക്കും ഇടയിലുള്ള ഉൾക്കാട്ടിലാണ് അരിക്കൊമ്പനെ തുറന്ന് വിട്ടത്. അരിക്കൊമ്പൻ ജനവാസമേഖലയിലേക്ക് കടക്കാതിരിക്കാൻ തമിഴ്നാട് വനംവകുപ്പ് വലിയ തോതിൽ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. 40 പേരടങ്ങുന്ന സംഘമാണ് അരിക്കൊമ്പനെ നിരീക്ഷിക്കാൻ തമിഴ്നാട് ഭാഗത്തുള്ളത്.
Discussion about this post