പോത്തൻകോട് : മാങ്ങ വാങ്ങി പണം നൽകാതെ മുങ്ങിയ പോലീസുകാനെ സംരക്ഷിച്ചുകൊണ്ട് പോലീസ് റിപ്പോർട്ട്. സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥന് പങ്കില്ലെന്നും ഇത് നടന്നുവെന്ന് പറയുന്ന സമയത്ത് പോലീസ് ഉദ്യോഗസ്ഥൻ സ്റ്റേഷനിലായിരുന്നു എന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട്. തുടർന്ന് ആരോപണവിധേയനായ പോലീസുകാരനെ എആർ ക്യാമ്പിലേക്ക് സ്ഥലം മാറ്റി.
പോത്തൻകോട് കരൂർ ക്ഷേത്രത്തിന് സമീപം എം.എസ്.സ്റ്റോഴ്‌സ് കടയുടമ ജി.മുരളീധരൻ നായരുടെ കടയിൽ നിന്നാണ് പോലീസ് 800 രൂപയ്ക്ക് അഞ്ചു കിലോ പഴുത്ത മാങ്ങ വാങ്ങിയത്. കഴിഞ്ഞ മാസം 17-ന് ആയിരുന്നു സംഭവം. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറുടെയും പോത്തൻകോട് ഇൻസ്‌പെക്ടറുടെയും പേരിലാണ് പോലീസ് ഉദ്യോഗസ്ഥൻ കടയിൽ നിന്നും മാങ്ങ വാങ്ങിയത്. തുടർന്ന് പണം നൽകാതെ മുങ്ങി.
പിന്നീട് പോലീസുകാരെ കണ്ടപ്പോൾ കടക്കാരൻ കാര്യം തിരക്കി. തങ്ങൾ വാങ്ങാൻ നിർദ്ദേശിച്ചിരുന്നില്ലെന്ന് പറഞ്ഞതോടെയാണ് താൻ കബളിപ്പിക്കപ്പെട്ടുവെന്ന് വ്യക്തമായത്. ഇതോടെ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.
Discussion about this post