ബംഗളൂരു: കർണാടകയിൽ വിജയസാധ്യത കണ്ടതിന് പിന്നാലെ സ്ഥാനാർത്ഥികളെ ബംഗളൂരുവിലേക്ക് വിളിപ്പിച്ച് കോൺഗ്രസ്. കേവല ഭൂരിപക്ഷം ഉറപ്പിച്ച സർക്കാർ രൂപീകരിക്കാനാണ് കോൺഗ്രസിന്റെ ശ്രമം. വിജയസാധ്യതയുള്ള സ്ഥാനാർത്ഥികളെ തമിഴ്നാട്ടിലേക്ക് കൊണ്ടുപോകാൻ പദ്ധതിയിടുന്നുണ്ടെന്നും ഭരണകക്ഷിയായ ഡി.എം.കെ നേതൃത്വവുമായി ബന്ധപ്പെടുന്നുണ്ടെന്നും കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. തിരഞ്ഞെടുക്കപ്പെടുന്നവരെ തമിഴ്‌നാട്ടിലേക്കോ ബംഗളൂരുവിലേക്കോ മാറ്റിയേക്കുമെന്നാണ് വിവരം. എന്നാൽ എങ്ങോട്ടേക്കാണെന്ന കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല.
അതേസമയം ആദ്യഘട്ടത്തിൽ മികച്ച ലീഡ് പിടിച്ചെങ്കിലും കോൺഗ്രസിന്റെ ലീഡ് നിലയിൽ ഇപ്പോൾ ഇടിവ് വന്നിട്ടുണ്ട്. നിലവില് 106 സീറ്റുകളിലാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. 80 സീറ്റുകളിൽ ബിജെപിയും 32 സീറ്റുകളിൽ ജെഡിഎസുമാണ് മുന്നേറുന്നത്. കർണാടക പിടിക്കുമെന്ന സൂചനകൾ പുറത്ത് വന്നതിന് പിന്നാലെ രാഹുൽ ഗാന്ധിയെ പ്രകീർത്തിച്ച് കോൺഗ്രസ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
” ഞാൻ അജയ്യനാണ്, എനിക്ക് വളരെ ആത്മവിശ്വാസമുണ്ട്. എന്നെ ആർക്കും തടയാനാകില്ല” എന്നാണ് രാഹുലിന്റെ വീഡിയോ പങ്കുവച്ച് കൊണ്ട് കോൺഗ്രസ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ലീഡ് നില പുറത്ത് വന്നതിന് പിന്നാലെ കോൺഗ്രസിൽ ആഘോഷപരിപാടികളും തുടങ്ങിക്കഴിഞ്ഞു. അതേസമയം കോൺഗ്രസ് വിജയിച്ചാൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കമായിരിക്കും കോൺഗ്രസ് നേരിടാൻ പോകുന്ന അടുത്ത വെല്ലുവിളി. സിദ്ധരാമയ്യയും ഡി.കെ.ശിവകുമാറുമാണ് മുഖ്യമന്ത്രി സ്ഥാനത്തിന്റെ പേരിൽ അവകാശവാദം ഉന്നയിക്കുന്നത്. കർണാടകയിൽ തന്റെ പിതാവ് മുഖ്യമന്ത്രിയാകണമെന്ന അവകാശവാദവുമായി മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകനുമായ യതീന്ദ്ര സിദ്ധരാമയ്യ രംഗത്തെത്തുകയും ചെയ്തിരുന്നു.
Discussion about this post