മലപ്പുറം : കൊണ്ടോട്ടി കിഴിശ്ശേരിയിൽ ആൾക്കൂട്ടത്തിന്റെ ആക്രമണത്തെ തുടർന്ന് വിവിധ ഭാഷാ തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റ് ഉടൻ. ബിഹാർ സ്വദേശി രാജേഷ് മൻജി (36) ആണ് മരിച്ചത്. കേസിൽ ഒൻപത് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. മോഷണം നടത്തിയെന്ന് ആരോപിച്ച് രണ്ട് മണിക്കൂറോളം നേരെ കൈ പുറകിൽ കെട്ടി മർദ്ദിച്ചുവെന്നാണ് കസ്റ്റഡിയിലെടുത്ത പ്രതികൾ പറഞ്ഞത്.
റോഡരികിലെ വീട്ടിൽ നിന്നാണ് സംശയാസ്പദമായ സാഹചര്യത്തിൽ ഇയാളെ പിടികൂടിയത്. മോഷണം നടത്തിയെന്ന് ആരോപിച്ച് ആളുകൾ ചേർന്ന് ചോദ്യം ചെയ്യുകയും മർദ്ദിക്കുകയുമുണ്ടായി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് പോലീസ് എത്തിയത്. ഗുരുതര പരിക്കുകളോടെ റോഡരികിൽ കിടക്കുന്ന നിലയിലാണ് രാജേഷിനെ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വെള്ളിയാഴ്ചയാണ് രാജേഷ് കിഴിശ്ശേരി ഒന്നാംമൈലിലെ വാടക ക്വാട്ടേഴ്‌സിലേക്ക് താമസം മാറി വന്നത്. ഇവിടെയുള്ള കോഴിത്തീറ്റ ഫാമിലേക്ക് ജോലിക്ക് വന്നതായിരുന്നു രാജേഷ്. ഈ ക്വാർട്ടേഴ്‌സിന്റെ നൂറുമീറ്റർ അകലെയുള്ള വീട്ടുപരിസരത്താണ് രാജേഷിനെ സംശയാസ്പദമായി കണ്ടത്.
Discussion about this post