തിരുവനന്തപുരം: ബാലരാമപുരത്ത് പെൺകുട്ടി മതപഠനശാലയിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഉസ്താദിനും ടീച്ചർക്കുമെതിരെ ഊർജ്ജിത അന്വേഷണം ആരംഭിച്ച് പോലീസ്. പെൺകുട്ടിയുടെ മരണത്തിന് പിന്നാലെ ഇരുവർക്കുമെതിരെ ആരോപണവുമായി ബന്ധുക്കൾ രംഗത്ത് എത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. ബന്ധുക്കളുടെ പരാതിയിൽ ഇവർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തതായാണ് വിവരം. ബീമാപള്ളി സ്വദേശിനിയായ അസ്മിയയെയാണ് മതപഠനശാലയ്ക്കുള്ളിൽ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയത്.
ഉസ്താദിൽ നിന്നും ടീച്ചറിൽ നിന്നും ക്രൂര പീഡനങ്ങളാണ് അസ്മിയ നേരിട്ടിരുന്നത് എന്നാണ് ബന്ധുക്കൾ പറയുന്നത്. ആത്മഹത്യ ചെയ്യാൻ തക്ക യാതൊരു വ്യക്തിപരമായ പ്രശ്‌നവും അസ്മിയയ്ക്ക് ഉണ്ടായിരുന്നില്ല. പെരുന്നാളിന് ശേഷം പെൺകുട്ടി പ്രശ്‌നങ്ങൾ നേരിട്ടിരുന്നു. അധികൃതരിൽ നിന്നും ഉണ്ടാകുന്ന പീഡനങ്ങളെക്കുറിച്ച് വീട്ടിൽ സൂചിപ്പിച്ചിരുന്നു. ഇനി മതപഠനശാലയിൽ തുടരാൻ താത്പര്യമില്ലെന്ന് കുട്ടി പറഞ്ഞിരുന്നതായും ബന്ധുക്കൾ വ്യക്തമാക്കുന്നുണ്ട്.
മതപഠനശാലയിൽ അസ്മിയ ഉപദ്രവം നേരിട്ടിരുന്നു എന്ന് ഇതിൽ നിന്നും വ്യക്തമാണ്. കഴിഞ്ഞ ദിവസം അസ്മിയയ്ക്ക് സമാന അനുഭവം ഉണ്ടായിട്ടുണ്ട്. ഇതേ തുടർന്നാണ് തന്നെ കൂട്ടിക്കൊണ്ട് പോകാൻ ആവശ്യപ്പെട്ടത്. എന്നാൽ ഇതിന് തൊട്ട് പിന്നാലെ മരിച്ചുകിടക്കുന്നതാണ് കണ്ടതെന്നും ബന്ധുക്കൾ പറയുന്നു.
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് അസ്മിയയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. പതിവായി വിളിക്കുന്ന അസ്മിയ കഴിഞ്ഞ ദിവസം വിളിച്ചിരുന്നില്ല. ഇതേ തുടർന്ന് മാതാവ് തിരിച്ചുവിളിക്കുകയായിരുന്നു. വിഷമത്തിലായിരുന്ന പെൺകുട്ടി തിരികെ തന്നെ വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് മാതാവിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം മാതാവ് മതപഠനശാലയിൽ എത്തിയപ്പോഴാണ് തൂങ്ങിയ നിലയിൽ പെൺകുട്ടിയെ കണ്ടത്. സംഭവത്തിൽ പോലീസ അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തത്.
Discussion about this post