തിരുവനന്തപുരം: ആവശ്യപ്പെട്ട തുക പിരിവ് നൽകാതിരുന്ന വ്യാപാരിയ്ക്ക് നേരെ സിപിഐ പ്രവർത്തകരുടെ ഗുണ്ടായിസം. തമിഴ്‌നാട് സ്വദേശി മാരിയപ്പനെ സിപിഐ പ്രവർത്തകർ മർദ്ദിച്ചു. സംഭവത്തിൽ സിപിഐക്കാർക്കെതിരെ മാരിയപ്പൻ പോലീസിൽ പരാതി നൽകി.
വെള്ളിയാഴ്ചയായിരുന്നു സംഭവം. പോത്തൻകോട് വ്യാപാര സ്ഥാപനം നടത്തിവരികയാണ് മാരിയപ്പൻ. വെള്ളിയാഴ്ച എംഎൻ സ്മാര നവീകരണത്തിനെന്ന പേരിൽ മാരിയപ്പന്റെ കടയിലേക്ക് സിപിഐക്കാർ എത്തിയിരുന്നു. 500 രൂപയുടെ കൂപ്പൺ നൽകി തുക നൽകാൻ ആയിരുന്നു ഇവരുടെ ആവശ്യം. എന്നാൽ സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്നതിനാൽ അത്രയും വലിയ തുക നൽകാൻ കഴിയില്ലെന്ന് മാരിയപ്പൻ അറിയിക്കുകയായിരുന്നു. പിരിവായി 50 രൂപയും നൽകി. ഇതിൽ പ്രകോപിതരായ സിപിഐക്കാർ മാരിയപ്പനെ മർദ്ദിക്കുകയായിരുന്നു.
സിഐടിയു മേഖലാ ജനറൽ സെക്രട്ടറി ഷുക്കൂറിന്റെ നേതൃത്വത്തിന്റെ സംഘമായിരുന്നു പിരിവിനായി എത്തിയത്. ചോദിച്ച കാശ് നൽകാതിരുന്നതോടെ ഷുക്കൂറാണ് ആദ്യം മദ്ദിച്ചത് എന്നാണ് മാരിയപ്പൻ പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്. ഷുക്കൂർ മാരിയപ്പന്റെ ഇരു കരണത്തും അടിച്ചു. അസഭ്യം വിളിച്ചു. പിന്നാലെ പ്രവർത്തകർ കടയിലെ സാധനങ്ങൾ എല്ലാം നശിപ്പിക്കുകയായിരുന്നു. ഇതേ തുടർന്ന് വലിയ നാശനഷ്ടമാണ് ഉണ്ടായതെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
അതേസമയം മർദ്ദനത്തിൽ മാരിയപ്പന് പരിക്കേറ്റിരുന്നു. ഇതേ തുടർന്ന് അദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ 50 വർഷമായി ഇവിടെ കടനടത്തി വരികയാണ് അദ്ദേഹം. പോത്തൻകോട് പോലീസ് എത്തി മാരിയപ്പന്റെ മൊഴിയെടുത്തു.
Discussion about this post