ന്യൂഡൽഹി : 100 കോടിയുടെ മാനനഷ്ടക്കേസിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് നോട്ടീസ് അയച്ച് സംഗ്രൂർ ജില്ലാ കോടതി. ജൂലൈ 10 ന് ഖാർഗെ ഹാജരാകണമെന്നാണ് നിർദ്ദേശം. സിവിൽ ജഡ്ജി രമൺദീപ് കൗർ ആണ് മാനനഷ്ടക്കേസിൽ നോട്ടീസ് അയച്ചത്.
ഹിന്ദു സുരക്ഷാ പരിഷത്ത് ബജ്റംഗ് ദൾ ഹിന്ദ് സ്ഥാപകനായ പഞ്ചാബ് സംഗ്രൂർ സ്വദേശി ഹിതേഷ് ഭരദ്വാജാണ് ഖാർഗെയ്ക്കെതിരെ കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. അധികാരത്തിലെത്തിയാൽ മതത്തിന്റെ പേരിൽ സമൂഹത്തിൽ വിദ്വേഷം പടർത്തുന്ന ബജ്റംഗ്ദൾ, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) തുടങ്ങിയ സംഘടനകൾക്കെതിരെ പാർട്ടി നിർണ്ണായക നടപടിയെടുക്കുമെന്ന് കർണാടക തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ കോൺഗ്രസ് പരാമർശിച്ചിരുന്നതായി ഭരദ്വാജ് പറഞ്ഞു.
ബജ്റംഗ് ദളിനെ നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി താരതമ്യം ചെയ്തതിനാണ് പരാതി നൽകിയത്. സംഘടനയെ നിരോധിക്കുമെന്ന പ്രഖ്യാപനത്തിനെതിരെ നടപടിയെടുക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.
കർണാടക തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബജ്റംഗ് ദളിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് വിശ്വഹിന്ദു പരിഷത്തിന്റെ (വിഎച്ച്പി) ചണ്ഡിഗഡ് ഘടകം ഖാർഗെയ്ക്ക് നേരത്തെ വക്കീൽ നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹിതേഷ് ഭരദ്വാജ് കോടതിയെ സമീപിച്ചത്.
Discussion about this post