തിരുവനന്തപുരം: ബാലരാമപുരത്തെ മതപഠനശാലയിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് സ്ഥിരീകരണം. പോസ്റ്റ് മോർട്ടത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. പോസ്റ്റ്‌മോർട്ടത്തിലെ മറ്റ് വിവരങ്ങൾ ബന്ധപ്പെട്ടവർ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ പോലീസിന്റെ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
വിദ്യാർത്ഥിനിയുടേത് ആത്മഹത്യയല്ലെന്ന് ആയിരുന്നു ബന്ധുക്കളുടെ ആരോപണം. ഇക്കാര്യത്തിലാണ് ഇപ്പോൾ വ്യക്തത വന്നിരിക്കുന്നത്. മരണം ആത്മഹത്യയാണെന്ന് കണ്ടെത്തിയെങ്കിലും വിശദമായ അന്വേഷണം തുടരാനാണ് പോലീസിന്റെ തീരുമാനം. മദ്രസയിൽ നിന്നും പെൺകുട്ടി ക്രൂരപീഡനങ്ങൾ നേരിട്ടിട്ടുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. ഇക്കാര്യത്തിലാണ് വിശദമായ അന്വേഷണം.
കഴിഞ്ഞ ദിവസമാണ് ബാലരാമപുരത്തെ മതപഠനശാലയിൽ ബീമാപള്ളി സ്വദേശിനി അസ്മിയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. പതിവ് പോലെ വീട്ടിലേക്ക് വിളിക്കാറുള്ള പെൺകുട്ടി അന്ന് വിളിച്ചില്ല. ഇതേ തുടർന്ന് മാതാവ് തിരിച്ചുവിളിക്കുകയായിരുന്നു. അപ്പോൾ തന്നെ വഴക്ക് പറഞ്ഞെന്നും തിരികെ കൊണ്ടു പോകണമെന്നും അസ്മിയ ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം മാതാവ് മതപഠന കേന്ദ്രത്തിൽ എത്തി. എന്നാൽ തൂങ്ങിയ നിലയിൽ മകളുടെ മൃതദേഹമാണ് കണ്ടത്.
പെരുന്നാളിന് ശേഷം മതപഠന കേന്ദ്രത്തിൽ നിന്നും നേരിടുന്ന ക്രൂരതകളെക്കുറിച്ച് പെൺകുട്ടി പറഞ്ഞിരുന്നുവെന്നാണ് വീട്ടുകാർ പറയുന്നത്. ഈ പീഡനത്തെ തുടർന്നാണ് മകൾ ആത്മഹത്യ ചെയ്തത് എന്നും കുടുംബം ആരോപിക്കുന്നു.
Discussion about this post