തിരുവനന്തപുരം: ബീമപള്ളിയിൽ വാഹനപരിശോധനയ്ക്കിടെ പോലീസുകാരന് എസ്‌ഐയ്ക്ക് നേരെ ആക്രമണം. പൂന്തുറ സ്റ്റേഷനിലെ എസ്‌ഐ എച്ച് ജയപ്രകാശിനാണ് മർദ്ദനമേറ്റത്. ഞായറാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് അഞ്ച് പേർക്കെതിരെ പോലീസ് കേസ് എടുത്തു.
രാത്രി നഗരത്തിൽ വാഹന പരിശോധന നടത്തുകയായിരുന്നു എസ്‌ഐ ഉൾപ്പെട്ട നാലംഗ സംഘം. ഇതിനിടെയായിരുന്നു ആക്രമണം ഉണ്ടായത്. വാഹനപരിശോധന നടത്തുന്നത് ചിലർ ചേർന്ന് ചോദ്യം ചെയ്തു. ഇതോടെ പോലീസും സംഘവുമായി വാക്കു തർക്കം ആരംഭിക്കുകയായിരുന്നു.
വാക്ക് തർക്കം മൂർച്ഛിച്ചതോടെ സംഘത്തിലെ ഒരാൾ കയ്യിൽ കരുതിയിരുന്ന ഇരുമ്പുവടി എസ്‌ഐയ്ക്ക് നേരെ വീശി. ഇത് എസ്‌ഐ കൈകൊണ്ട് തടുക്കാൻ ശ്രമിച്ചു. കൈയ്ക്ക് പരിക്കേറ്റ അദ്ദേഹം നിലത്തേക്ക് വീഴുകയായിരുന്നു. നിലത്ത് വീണു കിടന്ന ജയപ്രകാശിനെ സംഘം വളഞ്ഞിട്ട് മർദ്ദിക്കുകയും ചവിട്ടുകയും ചെയ്യും. ഇത് തടയാൻ ശ്രമിച്ച് മറ്റ് പോലീസുകാരെയും സംഘം ആക്രമിച്ചു. പോലീസുകാരെ പ്രതികൾ അസഭ്യം പറയുകയും ചെയ്തു എന്നാണ് വിവരം.
പരിക്കേറ്റ എസ്‌ഐയെ പൂന്തുറ പ്രഥമിക കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. അസഭ്യം വിളിച്ചതിനും ദേഹോപദ്രവം ഏൽപ്പിച്ചതിനുമാണ് പ്രതികൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
Discussion about this post