തിരുവനന്തപുരം: ബാലരാമപുരത്തെ മതപഠന കേന്ദ്രത്തിൽ ദുരൂഹസാഹചര്യത്തിൽ തൂങ്ങി മരിച്ച അസ്മിയയുടെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി ബിജെപി. ബാലരാമപുരം പോലീസ് സ്റ്റേഷനിലേക്ക് ബിജെപി മാർച്ച് നടത്തി. ബാലരാമപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്.
ശനിയാഴ്ചയാണ് ബാലരാമപുരത്തെ അൽ അമൻ മതപഠന കേന്ദ്രത്തിൽ ബീമാപളളി സ്വദേശിനിയായ അസ്മിയ തൂങ്ങി മരിച്ചത്. വീട്ടുകാർ കാണാനെത്തിയിട്ടും മകളെ കാണാൻ സ്ഥാപന അധികൃതർ സമ്മതിച്ചില്ല. മകൾ കുളിക്കുകയാണെന്നാണ് പറഞ്ഞത്. ഒന്നര മണിക്കൂറിന് ശേഷം വീട്ടുകാർ ബലം പ്രയോഗിച്ച് അകത്ത് കയറിയപ്പോഴാണ് മകൾ മരിച്ചതായി മനസിലായത്.
ലൈബ്രറിയിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് സ്ഥാപന അധികൃതർ പറയുന്നത്. മകളെ ആശുപത്രിയിലെത്തിക്കാൻ പോലും സ്ഥാപനത്തിന്റെ ചുമതലക്കാർ തയ്യാറായില്ലെന്ന് അസ്മിയയുടെ വീട്ടുകാർ പറയുന്നു. അ്‌സ്മിയയെ സ്ഥാപനത്തിലെ ഉസ്താദും അദ്ധ്യാപകരും ഒറ്റപ്പെടുത്തിയിരുന്നതായി വീട്ടുകാരോട് പരാതി പറഞ്ഞിരുന്നു.
മരണത്തിന് മണിക്കൂറുകൾക്ക് മുൻപും വീട്ടിലേക്ക് വിളിച്ചപ്പോൾ തന്നെ അവിടെ നിന്നും കൊണ്ടുപോകണമെന്ന് അസ്മിയ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് ഉമ്മയും ബന്ധുക്കളും ഇവിടെയെത്തിയത്. ശക്തമായ പ്രതിഷേധമുയർന്നതിനെ തുടർന്ന് പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്.
Discussion about this post