തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാത്ത വിദ്യാർത്ഥി നേതാവിനെ ഭാരവാഹിയാക്കാൻ എസ്എഫ്‌ഐ നടത്തിയ നീക്കത്തിൽ സിപിഎം അന്വേഷണം ആരംഭിച്ചു. കോവളം ഏരിയ സെക്രട്ടറിക്കാണ് അന്വേഷണ ചുമതല. അന്വേഷണത്തിന്റെ ഭാഗമായി യുയുസി സ്ഥാനത്ത് നിന്ന് ഒഴിവാക്കിയ അനഘയുടെ മൊഴിയെടുത്തു. എസ്എഫ്‌ഐ നേതൃത്വത്തിനെതിരെ അനഘ മൊഴി നൽകിയെന്നാണ് സൂചന.
യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട അനഘയാക്ക് പകരം എസ്എഫ്‌ഐ നേതാവായ വിശാഖിന്റെ പേരാണ് കോളേജിൽ നിന്നും സർവ്വകലാശാലയിലേക്ക് അയച്ചിരുന്നത്. തീരുമാനം വിവാദമായതിന് പിന്നാലെ കത്ത് പിൻവലിച്ച് പ്രിൻസിപ്പൽ ഇ-മെയിൽ അയച്ചിരുന്നു. സംഭവത്തിൽ കേരള സർവ്വകലാശാലയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പിൽ ജയിക്കാത്ത ആളെ കൗൺസിലർ ആക്കാനുള്ള വഴിവിട്ട നീക്കം പുറത്തായതോടെ എസ്എഫ്‌ഐ സംസ്ഥാന സെക്രടട്ടേറിയറ്റ് ഇന്നലെ അടിയന്തരയോഗം ചേർന്നു തിരുത്തലിനു തയാറാവുകയായിരുന്നു. തിരഞ്ഞെടുക്കപ്പെടാത്ത തന്റെ പേരാണ് യൂണിവേഴ്‌സിറ്റിക്ക് നൽകിയ യുയുസി പട്ടികയിൽ ഉള്ളത് എന്നറിഞ്ഞിട്ടും അത് തിരുത്താനോ ഉത്തരവാദപ്പെട്ട ഇടങ്ങളിൽ അറിയിക്കാനോ വിശാഖ് തയാറായില്ല എന്ന് എസ്എഫ്‌ഐ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞിരുന്നു. നാളെ ചേരുന്ന സിപിഎം ജില്ലാ കമ്മിറ്റിയോഗം വിഷയത്തിൽ തുടർ നടപടികൾ എടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.
Discussion about this post