കൊച്ചി : ആശുപത്രിയിൽ ജീവനക്കാർക്ക് നേരെ വീണ്ടും അതിക്രമം. എറണാകുളം ജനറൽ ആശുപത്രിയിലാണ് സംഭവം. രോഗിക്കൊപ്പം എത്തിയ ആൾ ഡോക്ടർമാർക്ക് നേരെ അസഭ്യ വർഷം നടത്തുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. ആലപ്പുഴ സ്വദേശി അനിൽ കുമാറാണ് അക്രമം നടത്തിയത്. തുടർന്ന് പോലീസും ജീവനക്കാരും ചേർന്ന് പ്രതിയെ കീഴടക്കി.
ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. മദ്യപിക്കുന്നതിനിടെ അടിപിടിയിൽ പരിക്ക് പറ്റിയ രണ്ട് പേരുമായാണ് പ്രതി ആശുപത്രിയിലെത്തിയത്. ഇയാളും മദ്യലഹരിയിലായിരുന്നുവെന്നാണ് അവിടെയുണ്ടായിരുന്നവർ പറയുന്നത്.
പരിക്കേറ്റയാളുടെ മുറിവിൽ തുന്നൽ ഇടണം എന്ന് ഡോക്ടർ പറഞ്ഞപ്പോഴാണ് പ്രതി ബഹളം വെയ്ക്കാൻ തുടങ്ങിയത്. തുന്നൽ ഇടേണ്ടെന്നും പഞ്ഞിയിൽ മരുന്ന് വെച്ചാൽ മതിയെന്നുമാണ് ഇയാൾ ഡോക്ടറോട് പറഞ്ഞത്. എന്നാൽ അതിന് സാധിക്കില്ലെന്ന് പറഞ്ഞതോടെ ഡോക്ടർക്കെതിരെ ഇയാൾ അസഭ്യവർഷം നടത്തി. ആക്രമണം നടത്താനും ആരംഭിച്ചു.
വിവരം അറിയിച്ചതിനെ തുടർന്ന് എയ്ഡഡ് പോസ്റ്റിലുണ്ടായിരുന്ന പോലീസുകാർ സ്ഥലത്തെത്തിയെങ്കിലും പ്രതിയെ പിടിച്ചുമാറ്റാനായില്ല. തുടർന്ന് സെൻട്രൽ സ്റ്റേഷനിൽ നിന്ന് കൂടുതൽ പോലീസ് എത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Discussion about this post