തിരുവനന്തപുരം: നൂറുകോടിയിലേറെ രൂപയുടെ അഴിമതി ആരോപണം നേരിടുന്ന കണ്ടല സർവ്വീസ് സഹകരണ ബാങ്ക് നിക്ഷേപകർക്ക് സ്ഥിരനിക്ഷേപ തുക തിരികെ നൽകുന്നില്ലെന്ന് പരാതി. നിക്ഷേപ തുക പൂർണമായും നൽകണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിനും പണം നൽകണമെന്ന രജിസ്ട്രാറുടെ ഉത്തരവിനും വില കൽപ്പിക്കാതെയാണ് ബാങ്ക് അധികൃതരുടെ നീക്കങ്ങൾ.
അമ്പലത്തിൻകാലാ സ്വദേശികളായ ജയശീലനും ഭാര്യ ലളിതയും ചേർന്ന് ബാങ്കിൽ നിക്ഷേപിച്ച 31.5ലക്ഷം രൂപ നിക്ഷേപ കാലാവധി കഴിഞ്ഞിട്ടും തിരികെ നൽകിയില്ല. ചികിത്സാവശ്യമായാണ് പണം പിൻവലിക്കാൻ ദമ്പതികൾ തീരുമാനിച്ചത്.
നിക്ഷേപത്തുക നൽകാത്തതിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് ദമ്പതികളുടെ നിക്ഷേപത്തുക മുഴുവനായും തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ കണ്ടല സഹകരണ ബാങ്കിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിന് വിലകൽപ്പിക്കാതെ നിക്ഷേപത്തുക നൽകാതെ നിഷേധാത്മക നിലപാടാണ് ബാങ്ക് സ്വീകരിക്കുന്നതെന്ന് ജയശീലനും ഭാര്യ ലളിതയും പറഞ്ഞു.
സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാറുടെ ഉത്തരവുമായി തങ്ങൾ ബാങ്കിൽ പോയപ്പോൾ രജിസ്ട്രാർ അല്ല മുഖ്യ മന്ത്രിയല്ല ഇനി ഏവൻ വന്ന് പറഞ്ഞാലും ബാങ്കിൽ പൈസയില്ല അതിനാൽ നിക്ഷേപത്തുക തിരികെ തരാൻ കഴിയില്ലെന്നുമാണ് ബാങ്ക് സെക്രട്ടറിയുടെ മറുപടിയെന്നും ദമ്പതികൾ ആരോപിച്ചു.
പണം പിൻവലിക്കാൻ കണ്ടല ബാങ്കിലെത്തിയാൽ നിക്ഷേപകരെ ഒഴിവ് കഴിവുകൾ പറഞ്ഞു മടക്കി അയക്കുന്നതും പതിവാകുകയാണ്.ചിട്ടി തുകകളും വായ്പകളും മുടങ്ങിയ കാരണം പണമില്ലെന്നും, സർക്കാർ ചതിച്ചെന്നും ചിട്ടി പിടിച്ചവർ ഉൾപ്പെടെ പണം അടക്കുന്നില്ല എന്നും തുടങ്ങി പലവിധ പല്ലവികളാണ് നിക്ഷേപകർക്ക് ലഭിക്കുന്ന മറുപടി. പണം കിട്ടിയേ തീരൂ എന്ന് പറയുന്നവരോട് എന്നാ കേസ് കൊടുത്ത് കോടതി വഴി വാങ്ങാൻ പറഞ്ഞു ഭീഷണിപ്പെടുത്താനും ബാങ്ക് അധികൃതർ മടിക്കാതെ വന്നതോടെ നിക്ഷേപകർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
Discussion about this post