മുംബൈ: രാജ്യത്ത് വിപണിയിൽ ഉളളത് 2000 ത്തിന്റെ 3.62 ലക്ഷം കോടി രൂപയുടെ നോട്ടുകൾ മാത്രം. കഴിഞ്ഞ മാർച്ച് 31 നുളള കണക്കനുസരിച്ചാണിത്. അതുകൊണ്ടു തന്നെ നോട്ട് പിൻവലിക്കുന്നത് സാമ്പത്തിക മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
സാമ്പത്തിക ക്രയവിക്രയത്തിനായി 500 ന്റെയും 100 ന്റെയും ഉൾപ്പെടെ മറ്റ് മൂല്യങ്ങളിലുളള നോട്ടുകൾ വിപണിയിൽ ആവശ്യത്തിന് ലഭ്യമാണെന്നും ആർബിഐ അറിയിച്ചു. 2017 മാർച്ചോടെ 2000 നോട്ടുകളുടെ അച്ചടി നിർത്തിയിരുന്നു. അതിന് മുൻപ് അച്ചടിച്ച നോട്ടുകളാണ് ഇപ്പോഴും വിപണിയിൽ ഉളളത്.
ആർബിഐയുടെ ക്ലീൻ നോട്ട് പോളിസിയുടെ ഭാഗമായിട്ടാണ് 2000 രൂപ നോട്ടുകൾ പിൻവലിച്ചത്. പൊതുജനങ്ങൾക്ക് മികച്ച നിലവാരമുളള ബാങ്ക് നോട്ടുകൾ ലഭ്യമാക്കുകയെന്ന ലക്ഷ്യമാണ് ക്ലീൻ നോട്ട് പോളിസിക്ക് പിന്നിൽ.
2018 മാർച്ച് 31 നുളള കണക്കനുസരിച്ച് 6.73 ലക്ഷം കോടി രൂപയുടെ 2000 രൂപ നോട്ടുകൾ വിപണിയിലുണ്ടായിരുന്നു. ഈ നോട്ടുകൾ ഏറ്റവും കൂടുതൽ മാർക്കറ്റിൽ ഉണ്ടായിരുന്ന സമയവും ഇതാണെന്ന് ആർബിഐ വ്യക്തമാക്കി. ഇതാണ് ഇപ്പോൾ 3.62 ലക്ഷം കോടിയായി ചുരുങ്ങിയത്. 2000 രൂപയുടെ നോട്ടുകൾ അടുത്തിടെയായി മാർക്കറ്റിൽ അത്ര സുലഭവുമല്ലായിരുന്നു.
2016 നവംബറിലാണ് ആർബിഐ 2000 രൂപയുടെ നോട്ടുകൾ വിപണിയിൽ ഇറക്കിയത്. അതുവരെ പ്രചാരത്തിലുണ്ടായിരുന്ന 1000 രൂപയുടെയും 500 രൂപയുടെയും നോട്ടുകൾ പിൻവലിച്ചതിന് പിന്നാലെ ആയിരുന്നു ഈ നോട്ടുകൾ പുറത്തിറക്കിയത്. കളളപ്പണം ഇല്ലാതാക്കാനും അതിർത്തിക്ക് അപ്പുറത്ത് നിന്നും വൻതോതിലുളള തീവ്രവാദ ഫണ്ടിംഗിന്റെ വേരറുക്കാനും ലക്ഷ്യമിട്ടായിരുന്നു 1000 രൂപ നോട്ടുകൾ നിരോധിച്ചത്.
Discussion about this post