ആലപ്പുഴ: വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ സിഐടിയു നേതാവിനെതിരെ നടപടിയുമായി സിപിഎം. നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. ടെമ്പോ -ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയൻ സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറിയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ എ റെജീബ് അലിയെയാണ് പുറത്താക്കിയത്.
സംഭവത്തിൽ പാർട്ടി വിശദമായ അന്വേഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അലിയ്‌ക്കെതിരെ നടപടി സ്വീകരിക്കാൻ സിപിഎം തീരുമാനിച്ചത്. പണം തട്ടിയതിന് പിന്നാലെ അലിയ്‌ക്കെതിരെ സിപിഎമ്മിന് വ്യാപാരി പരാതി നൽകിയിരുന്നു. ഇതേ തുടർന്നായിരുന്നു അന്വേഷണം. ആലപ്പുഴ സൗത്ത് ഏരിയ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ചേർന്ന മുല്ലയ്ക്കൽ ലോക്കൽ കമ്മിറ്റിയാണ് നടപടിയെടുത്തത്.
വ്യാപാരികളിൽ നിന്നും അലി പണം തട്ടുന്നത് പതിവാണെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു വർഷത്തിനിടെ 21 പരാതികളാണ് പാർട്ടിയ്ക്ക് ലഭിച്ചത്. പരാതികൾ വർദ്ധിച്ചതിനെ തുടർന്ന് കൂടിയാണ് ഇയാളെ പുറത്താക്കാൻ പാർട്ടി തീരുമാനിച്ചത്. സംഭവത്തിൽ പോലീസിലും വ്യാപാരി പരാതി നൽകിയിട്ടുണ്ട്. ഇതിൽ കേസ് എടുത്ത് അലിയ്‌ക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചേക്കുമെന്നാണ് സൂചന.
Discussion about this post