ഭോപ്പാൽ: തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയ മദ്ധ്യപ്രദേശിൽ ബിജെപി തുടർഭരണം നേടുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ബിജെപിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും, അമൂല്യമായ പ്രവർത്തകരുമുണ്ട്. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പിനെ ഭയക്കുന്നില്ലെന്നും ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.
മദ്ധ്യപ്രദേശ് ഇക്കുറി പിടിച്ചെടുക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്. തങ്ങൾക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയും മികച്ച പ്രവർത്തകരുമുണ്ട്. കോൺഗ്രസിന് ആരാണുള്ളത്. തങ്ങളുമായി കോൺഗ്രസ് ഒരു താരതമ്യത്തിന് ഒരുങ്ങരുത്. തന്റെ ആവനാഴിയിൽ നിരവധി അമ്പുകളാണുള്ളത്. കർണാടകയിലെ തിരഞ്ഞെടുപ്പ് വിജയം നൽകിയ ആത്മവിശ്വാസത്തിൽ മദ്ധ്യപ്രദേശ് പിടിച്ചെടുക്കാമെന്നത് കോൺഗ്രസിന്റെ വ്യാമോഹമാണ്. സംസ്ഥാനത്ത് വൻ ഭൂരിപക്ഷത്തോടെ തന്നെ ബിജെപി അധികാരത്തിലേറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പ്രവർത്തനങ്ങൾ വിലയിരുത്താൻ കഴിഞ്ഞ ദിവസം പാർട്ടി പ്രവർത്തകരുടെ യോഗം ചേർന്നിരുന്നു. ഇതിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ശക്തമായ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കൊരുങ്ങാൻ പ്രവർത്തകരോട് അദ്ദേഹം നിർദ്ദേശിച്ചു. പ്രവർത്തനങ്ങൾക്കായുള്ള രൂപരേഖ തയ്യാറാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. യോഗത്തിൽ കേന്ദ്ര മന്ത്രിമാരായ നരേന്ദ്ര സിംഗ്, ഫഗ്ഗാൻ സിംഗ് കുലസ്‌തേ എന്നിവർ പങ്കെടുത്തു.
Discussion about this post