തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ രണ്ടാം വാർഷികം ആഘോഷിക്കുന്ന വേളയിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ.ധൂർത്തുകൊണ്ട് കേരളത്തെ തകർത്ത മുഖ്യമന്ത്രിക്കും സർക്കാരിനും രണ്ടാം വാർഷികത്തിൽ പാസ് മാർക്ക് പോലും നൽകില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വലിയ അഴിമതിക്കഥകൾ വൈകാതെ പുറത്തുവരുമെന്ന് അദ്ദേഹം പറഞ്ഞു. ഭീരുവായത് കൊണ്ടാണ് മുഖ്യമന്ത്രി ഒന്നും മിണ്ടാത്തത്. മുഖ്യമന്ത്രിക്ക് തലയിൽ മുണ്ടിട്ട് നടക്കേണ്ട ഗതി വരുമെന്നും വി ഡി സതീശൻ പറഞ്ഞു.
ദയനീയമായ പരാജയമാണ് രണ്ടാം പിണറായി സർക്കാരെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു. രൂക്ഷമായ വിലക്കയറ്റമാണ് സംസ്ഥാനത്തുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷമാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കിടപ്പാടങ്ങൾ ജപ്തി ചെയ്യപ്പെട്ടത്. എന്നിട്ടും സർക്കാർ ജനങ്ങളുടെ തലയിൽ ആയിരക്കണത്തിന് കോടി രൂപയുടെ നികുതി ഭാരം കെട്ടിവയ്ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം പ്രതിപക്ഷത്തിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് വളയൽ ആരംഭിച്ചിരിക്കുകയാണ്. നികുതി വർദ്ധന, കാർഷിക പ്രശ്‌നങ്ങൾ, അഴിമതി, സാമ്പത്തിക പ്രതിസന്ധി,സർക്കാരിന്റെ ധൂർത്ത് തുടങ്ങിയ വിഷയങ്ങളിൽ ഉൾപ്പെടെ സർക്കാരിനെതിരായ കുറ്റപത്രവും പ്രതിഷേധസമരത്തിനിടെ വായിക്കും.
Discussion about this post