തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർദ്ധിക്കുന്നു. ഇന്നും വരും ദിവസങ്ങളിലും സംസ്ഥാനത്ത് താപനിലയിൽ വലിയ വർദ്ധനവ് ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ചൂട് വർദ്ധിക്കുന്നതിനാൽ അസ്വസ്ഥമായ കാലവസ്ഥയായിരിക്കാം സംസ്ഥാനത്ത് അനുഭവപ്പെടുക.
സാധാരണ താപനിലയേക്കാൾ രണ്ട് ഡിഗ്രി സെൽഷ്യസ് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില വർദ്ധിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഉയർന്ന താപനിലയ്ക്ക് പുറമേ ഈർപ്പമുള്ള വായുവും ഉണ്ടാകാം. അതിനാൽ മലയോര ഗ്രാമങ്ങളിൽ ഒഴികെയുള്ള പ്രദേശങ്ങളിൽ അസ്വസ്ഥത നിറഞ്ഞ കാലാവസ്ഥയ്ക്ക് ആണ് സാദ്ധ്യത.
പകൽ സമയങ്ങളിൽ ശക്തമായ ചൂട് അനുഭവപ്പെടുന്നതിനാൽ സൂര്യാഘാതം ഉൾപ്പെടെ ഏൽക്കാൻ സാദ്ധ്യതയുണ്ട്. അതിനാൽ സംസ്ഥാന ദുരന്തനിവാരണ വകുപ്പ് പുറത്തിറക്കിയ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാൻ പൊതുജനങ്ങളോട് അധികൃതർ അഭ്യർത്ഥിച്ചു.
അതേസമയം സംസ്ഥാനത്ത് ഇന്നും വരും ദിവസങ്ങളിലും മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. തിരുവനന്തപുരം മുതൽ കാസർകോടുവരെ എല്ലാ ജില്ലകളിലും ശക്തമായ മഴ ലഭിക്കും. എന്നാൽ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടില്ല.
Discussion about this post