തൃശ്ശൂർ: ചേലക്കരയിൽ ഓടിക്കൊണ്ടിരിക്കുകയായിരുന്ന ട്രാവലറിന് തീപിടിച്ചു. ചേലക്കോട് കരണംകുന്നത്ത് ഹരികൃഷ്ണൻ ഓടിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ ആളപായമില്ല.
കൊണ്ടാഴി ഭാഗത്തുവച്ച് ഉച്ചയോടെയായിരുന്നു സംഭവം. ഓഡിറ്റോറിയത്തിലേക്ക് ആളുകളെ കൊണ്ടുവരാൻ പോകുന്നതിനിടെയായിരുന്നു തീ പിടിത്തം ഉണ്ടായത്. ആദ്യ സംഘത്തെ ഓഡിറ്റോറിയത്തിൽ എത്തിച്ച ശേഷം രണ്ടാമത്തെ സംഘത്തിനെ കൊണ്ടുവരാൻ പോയതായിരുന്നു ഹരികൃഷ്ണൻ. ഇതിനിടെ വാഹനത്തിൽ നിന്നും പുക ഉയരുകയായിരുന്നു. ഇത് കണ്ടതോടെ അദ്ദേഹം വണ്ടി നിർത്തി. അപ്പോൾ തീ ആളി കത്താൻ ആരംഭിക്കുകയായിരുന്നു.
ഇത് കണ്ടയുടൻ ഹരികൃഷ്ണൻ പുറത്തേക്ക് ചാടിയിറങ്ങി. ഇതിന് പിന്നാലെ തീ ആളിപടരുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. വാഹനം പൂർണമായും കത്തിനശിച്ചു.
Discussion about this post