തിരുവനന്തപുരം: തലശ്ശേരി ആർച്ച് ബിഷപ്പിന്റെ പരാമർശം ഗാന്ധിജിയ്ക്കും കമ്യൂണിസ്റ്റുകാർക്കും ബാധകമല്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ. രാഷ്ട്രീയ രക്തസാക്ഷികൾ അനാവശ്യമായി കലഹിക്കാൻ പോയി, വെടിയേറ്റുമരിച്ചവരാണെന്ന തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബിഷപ്പ് ഉദ്ദേശിച്ചത് ആർ.എസ്.എസുകാരെയോ ബി.ജെ.പിക്കാരെയോ ആയിരിക്കും. കാരണം ഇവരാണ് ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നത്. ഇവരാണ് വഴക്കടിക്കുന്നതും മറ്റുള്ളവരുടെ ന്യൂനപക്ഷ വിശ്വാസങ്ങളെ ഹനിക്കാൻ തോക്കെടുക്കുന്നതുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ബിഷപ്പ് പ്ലാംപാനിയുടെ പരാമർശം ഗാന്ധിജിയ്ക്കും കമ്മ്യൂണിസ്റ്റുകാർക്കും ബാധകമല്ല. ഗാന്ധിജിയെ ആരെങ്കിലുമായി വഴക്കിട്ടതിനെ തുടർന്ന് പോലീസ് വെടിവെച്ചു കൊന്നതല്ല. ഗാന്ധിജിയെ വർഗീയ ഭ്രാന്തനായ ഒരു ആർ.എസ്.എസുകാരൻ വെടിവെച്ചു കൊന്നതാണെന്ന് എംവി ജയരാജൻ പറഞ്ഞു.
ഗോഡ്സെ ബിർളാ മന്ദിരത്തിലെത്തിയത് പ്രാർത്ഥിക്കാനായിരുന്നില്ല. ഗാന്ധിജിയെ കൊല്ലാനായിരുന്നു. ഗാന്ധിജി അയാളെ ആശീർവദിക്കാൻ വേണ്ടി കൈയുയർത്തിയപ്പോഴാണ് ആ വർഗീയ ഭ്രാന്തൻ ഗാന്ധിജിയെ വെടിവെച്ചു കൊന്നത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയ രക്തസാക്ഷിയായി ഗാന്ധിജിയെ നമുക്ക് കണക്കാക്കാവുന്നതാണെന്ന് എംവി ജയരാജൻ കൂട്ടിച്ചേർത്തു.
അപ്പോൾ ബിഷപ്പിന്റെ പരാമർശം ഗാന്ധിജിയ്ക്കു ബാധകമല്ല. ഗാന്ധിജി വഴക്കടിച്ചു കൊല്ലപ്പെട്ടയൊരാളല്ല. ആർ.എസ്.എസ് ആണ് ആ കൊലയ്ക്കു പിന്നിൽ. ആർ.എസ്.എസ് നേതാവ് സവർക്കർ ഏഴാം പ്രതിയാണ്. ആർ.എസ്.എസിനെ 1948 ഫെബ്രുവരി നാലു മുതൽ 1949 ജൂലായ് 10 വരെ നിരോധിച്ചത് ഗാന്ധിജിയെ വെടിവെച്ചു കൊന്നതിനാലാണ്. വഴക്കടിച്ച്, എന്നിട്ട് വെടിയേറ്റ് മരിച്ചതാണെങ്കിൽ ആർ.എസ്.എസിനെ നിരോധിക്കേണ്ട കാര്യമില്ലെന്ന് എംവി ജയരാജൻ കുറ്റപ്പെടുത്തി.
Discussion about this post