കൊച്ചി : 15 വർഷത്തിന് ശേഷം കൊച്ചിയിൽ ആദ്യമായി ജൂതവിവാഹം നടന്നു. കൊച്ചിയിലെ കുമ്പളം കായലിന്റെ തീരത്താണ് ക്രൈംബ്രാഞ്ച് മുൻ എസ്പി ബിനോയ് മലാഖൈ, മഞ്ജുഷ മിറിയം ഇമ്മാനുവേൽ എന്നിവരുടെ മകൾ റേച്ചൽ മലാഖൈയും യുഎസ് പൗരനും നാസ എൻജിനീയറുമായ റിച്ചഡ് സാക്കറി റോവും വിവാഹിതരായത്. പരമ്പരാഗത ജൂത സമ്പ്രദായങ്ങളോടും കൂടി റിസോർട്ടിൽ വെച്ചാണ് വിവാഹം നടന്നത്. കുടുംബത്തിന്റയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിൽ വിവാഹ പ്രതിജ്ഞ ചെയ്ത ഇവർ മോതിരം കൈമാറി.
ഇന്നലെയായിരുന്നു വിവാഹം. 70 വർഷത്തിനിടെ കേരളത്തിൽ നടക്കുന്ന അഞ്ചാമത്തെ ജൂത വിവാഹമാണിത്. വിവാഹത്തിന് കാർമികത്വം വഹിക്കുന്ന റബായി ആരിയൽ സിയോൺ ഇസ്രായേലിൽ നിന്നാണ് എത്തിയത്.
വിവാഹ ഉടമ്പടിയായ കെത്തുബ ഇസ്രായേലിൽ നിന്നെത്തിയ റബായി വധുവിനെയും വരനെയും ബന്ധുമിത്രാദികളെയും വായിച്ചു കേൾപ്പിച്ചതോടെ വിവാഹ ചടങ്ങുകൾക്ക് തുടക്കമായി. മുന്തിരി വീഞ്ഞു നിറച്ച സ്വർണ കാസയിൽ സൂക്ഷിച്ച മോതിരമാറ്റവും നടന്നു. എനിക്കു നീയും നിനക്കു ഞാനും തണലായി ജീവിതാവസാനം വരെ സ്‌നേഹത്തോടെ ജീവിക്കുമെന്ന് റബായി മുൻപാകെ സത്യം ചെയ്യുന്നതോടെ ചടങ്ങുകൾക്ക് വിരാമമായി.
കേരളത്തിലെ ജൂതപ്പള്ളികളെല്ലാം ഇപ്പോൾ സംരക്ഷിത പൈതൃക മേഖലകളായതിനാൽ എറണാകുളത്തെ റിസോർട്ടിൽ വെച്ചായിരുന്നു വിവരം. കേരളത്തിൽ ജൂതപ്പള്ളിക്ക് പുറത്തുവെച്ച് നടക്കുന്ന ആദ്യ ജൂതവിവാഹം എന്ന പ്രത്യേകത കൂടി ഇതിനുണ്ട്.
കേരളത്തിന്റെ മനോഹാരിതയിൽ വിവാഹം വേണമെന്ന് റിച്ചാർഡിന് ആഗ്രഹമുണ്ടായിരുന്നു. അത് കൂടി കണക്കിലെടുത്താണ് കൊച്ചിയിൽ വേദിയൊരുക്കിയത്.













Discussion about this post