ഇസ്ലാമാബാദ്: പാകിസ്താനിൽ വീണ്ടും ഭീകരാക്രമണം. പോലീസുകാർ ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു. ഹംഗു ജില്ലയിലെ ഓയിൽ കമ്പനിയിൽ കഴിഞ്ഞ ദിവസമായിരുന്നു ഭീകരാക്രമണം ഉണ്ടായത്.
ഹംഗറിയൻ ഓയിൽ കമ്പനിയായ എംഒഎല്ലിന്റെ പാകിസ്താനിലെ യൂണിറ്റിലായിരുന്നു ആക്രമണം ഉണ്ടായത്. ഹംഗു ജില്ലയിൽ അഫ്ഗാൻ അതിർത്തിയോട് ചേർന്നുള്ള പ്രദേശത്താണ് ഈ കമ്പനി സ്ഥിതി ചെയ്യുന്നത്. രാത്രി ഇവിടേയ്ക്ക് എത്തിയ ആയുധ ധാരികളായ ഭീകരർ കാവൽ നിന്നിരുന്ന പോലീസുകാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
50 ഭീകരരാണ് സംഘത്തിൽ ഉണ്ടായിരുന്നത് എന്നാണ് വിവരം. നാല് പോലീസുകാർക്ക് പുറമേ രണ്ട് ഹോംഗാർഡുകളാണ് കൊല്ലപ്പെട്ടത്. യൂണിറ്റിലെ എം.8, എം.10 എന്നീ ഇന്ധന കിണറുകൾ ലക്ഷ്യമിട്ടായിരുന്നു ഭീകരരുടെ ആക്രമണം എന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംഭവ സമയം എംഒഎല്ലിലെ ജീവനക്കാർ കമ്പനിയിൽ ഉണ്ടായിരുന്നില്ല. ആക്രമണത്തിൽ ജീവനക്കാരിൽ ആർക്കും തന്നെ പരിക്കേറ്റിട്ടില്ലെന്ന് എംഒഎൽ വ്യക്തമാക്കി.
അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാൻ ഏറ്റെടുത്തിട്ടുണ്ട്. ആക്രമണത്തിന് തൊട്ട് പിന്നാലെ സമൂഹമാദ്ധ്യമത്തിലൂടെയായിരുന്നു ഉത്തരവാദിത്വം ഏറ്റെടുത്ത് താലിബാൻ രംഗത്ത് എത്തിയത്.












