തിരുവനന്തപുരം: കേരള സർവ്വകലാശാല യൂണിയനിൽ ഭാരവാഹിത്വം ലഭിക്കാൻ എസ്എഫ്‌ഐ നടത്തിയ ആൾമാറാട്ട കേസിൽ കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ ഇന്ന് പോലീസ് സംഘമെത്തും. സംഭവത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ വിശദമായ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് സംഘം കോളേജിൽ എത്തുന്നത്. ഇവിടെ നിന്നും വിശാഖിന്റെ വിവരങ്ങൾ പോലീസ് ശേഖരിക്കും.
രാവിലെയോടെയാകും പോലീസ് സർവ്വകലാശാലയിൽ എത്തുക. നേരത്തെ പോലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ വിശാഖിന്റെ വയസ്സുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിൽ പിഴവ് വന്നിരുന്നു. ഇത് തിരുത്തുക കൂടി ലക്ഷ്യമിട്ടാണ് പോലീസ് കോളേജിൽ എത്തുന്നത്. സർവ്വകലാശാല രേഖകൾ പ്രകാരം വിശാഖിന് 25 വയസ്സാണ് പ്രായം. എന്നാൽ എഫ്‌ഐആറിൽ 19 വയസ്സാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് തിരുത്തുന്നതിന്റെ ഭാഗമായി പ്രവേശന സമയത്ത് വിശാഖ് നൽകിയ രേഖകൾ പോലീസ് പരിശോധിക്കും.
കഴിഞ്ഞ ദിവസം വിശദമായ വിവര ശേഖരണത്തിനായി കേരള സർവ്വകലാശാലയിലും പോലീസ് നേരിട്ട് എത്തിയിരുന്നു. തിരഞ്ഞെടുപ്പിന്റെ നടപടി ക്രമങ്ങൾ, സ്ഥാനാർത്ഥികൾ നൽകിയ രേഖകൾ എന്നിവയായിരുന്നു ഇവിടെയെത്തി പോലീസ് പരിശോധിച്ചത്. കാട്ടാക്കട കോളേജിലെ പ്രിൻസിപ്പാൾ ഷൈജുവുമായി ബന്ധപ്പെട്ട വിവരങ്ങളും പോലീസ് ശേഖരിക്കും.
എഫ്‌ഐആറിൽ പിഴവ് വന്നതോടെ കേസ് അട്ടിമറിയ്ക്കാൻ ശ്രമിക്കുന്നതായി പോലീസിനെതിരെ ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഊർജ്ജിത അന്വേഷണത്തിലേക്ക് പോലീസ് കടന്നത്. അന്വേഷണം അട്ടിമറിയ്ക്കാൻ പോലീസിന് മേൽ സിപിഎം സമ്മർദ്ദമുണ്ടെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
Discussion about this post