തിരുവനന്തപുരം: വീടുകളിലെ മാലിന്യം ഉദ്യോഗസ്ഥർ സെക്രട്ടേറിയറ്റിൽ കൊണ്ടു തള്ളുന്നതിനെതിരെ സർക്കുലറുമായി ഹൗസ് കീപ്പിംഗ് വിഭാഗം. മാലിന്യം നിക്ഷേപിക്കുന്നതിനായി ഓരോ ഡിപ്പാർട്‌മെന്റുകളിലും ബക്കറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. ഇതിനുള്ളിലാണ് വീടുകളിലെ മാലിന്യവും നിക്ഷേപിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. വീടുകളിലെ ഭക്ഷണ അവശിഷ്ടങ്ങൾ, പച്ചക്കറി അവശിഷ്ടങ്ങൾ, സാനിറ്ററി പാഡുകൾ മുതലായവയാണ് ഇത്തരത്തിൽ ബക്കറ്റിൽ നിക്ഷേപിക്കുന്നതായി കണ്ടെത്തിയത്.
ഇതിനുള്ളിൽ രൂക്ഷമായ ഗന്ധം ഉണ്ടാകുന്നുവെന്നാണ് പരാതി. എല്ലാ മൂന്നു മാസം കൂടുമ്പോഴും ശുചിത്വം സംബന്ധിച്ച് നിർദ്ദേശങ്ങൾ നൽകാറുണ്ടെങ്കിലും വീട്ടിലെ മാലിന്യങ്ങൾ ഓഫീസിൽ കൊണ്ടുവന്നു തള്ളുന്ന പ്രവണത കൂടുകയാണെന്നാണ് പൊതുഭരണ വകുപ്പ് ഹൗസ് കീപ്പിംഗ് വിഭാഗം പറയുന്നത്. ഇത്തരത്തിൽ മാലിന്യം തള്ളുന്ന ജീവനക്കാർക്കെതിരെ കർശന നടപടി എടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
വേസ്റ്റ് ബിന്നുകൾ സിസിടിവി ക്യാമറാ പരിധിയിൽ കൊണ്ടുവരാനും ആലോചനയുണ്ട്. ജീവനക്കാർ എല്ലാവരും ആഹാരവും വെള്ളവും കൊണ്ടു വരുന്നതിന് പൊതികളും പ്ലാസ്റ്റിക് കുപ്പികളും ഒഴിവാക്കി കഴുകി ഉപയോഗിക്കാൻ സാധിക്കുന്ന പാത്രങ്ങൾക്ക് മുൻഗണന നൽകണമെന്നതുൾപ്പെടെയുള്ള നിർദ്ദേശങ്ങൾ ജീവനക്കാർക്ക് നൽകിയിട്ടുണ്ട്.
Discussion about this post