ന്യൂഡൽഹി: ബ്രിട്ടീഷുകാരിൽ നിന്ന് രാജ്യത്തിന് സ്വാതന്ത്ര്യം നേടിയ അധികാര കൈമാറ്റത്തിന്റെ പ്രതീകമായ ചെങ്കോലിന്റെ ചരിത്രത്തെ ചോദ്യം ചെയ്ത് കോൺഗ്രസ്. പാർട്ടി ജനറൽ സെക്രട്ടറി ജയ്‌റാം രമേശ് ആണ് ട്വിറ്ററിലൂടെ ചെങ്കോലിന്റെ പാരമ്പര്യത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയത്. പാർലമെന്റ് ഉദ്ഘാടന ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാനുളള കോൺഗ്രസ് തീരുമാനത്തിൽ പല കോണുകളിൽ നിന്നും വിമർശനം ശക്തമാണ്. ഈ സാഹചര്യത്തിലാണ് ചെങ്കോലിന്റെ ചരിത്രത്തിലേക്ക് ചർച്ചകൾ വഴിമാറ്റാനുളള ശ്രമം.
ബ്രിട്ടീഷുകാർ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നൽകിയപ്പോൾ ചെങ്കോൽ അധികാര കൈമാറ്റത്തിന്റെ പ്രതീകമാണെന്ന് മൗണ്ട് ബാറ്റണോ ഗവർണർ ജനറലായിരുന്ന രാജാജിയോ നെഹ്‌റുവോ പറഞ്ഞതിന് രേഖാമൂലമുളള തെളിവില്ലെന്നാണ് കോൺഗ്രസിന്റെ വാദം. നിലവിലെ അവകാശവാദങ്ങൾ നിസാരവും വ്യാജവുമാണെന്നും ജയ്‌റാം രമേശ് ആരോപിച്ചു.
നിലവിലെ പ്രചാരണങ്ങളെല്ലാം ചിലരുടെ മനസിൽ നിർമിച്ച് വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിക്കുന്നതാണ്. കുറഞ്ഞ തെളിവുകളും കൂടുതൽ അവകാശവാദങ്ങളുമായി ബിജെപി, ആർഎസ്എസ് വളച്ചൊടിക്കലുകൾ വീണ്ടും തുറന്നുകാട്ടപ്പെടുകയാണെന്നും ജയ്‌റാം രമേശ് ട്വിറ്ററിലൂടെ പറഞ്ഞു. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ചെണ്ടവാദകരും ഈ ചെങ്കോൽ തമിഴ്‌നാട് രാഷ്ട്രീയത്തിലെ നേട്ടത്തിന് ഉപയോഗിക്കുകയാണെന്ന് ജയ്‌റാം രമേശ് ആരോപിക്കുന്നു. വസ്തുതകളെ വളച്ചൊടിക്കുന്നതിന് അനുസരിച്ചുളള ഘടകങ്ങൾ തുന്നിച്ചേർക്കാനാണ് അവരുടെ ശ്രമമെന്നും ജയ്‌റാം രമേശ് ആരോപിക്കുന്നു.
യഥാർത്ഥ ചോദ്യം ദ്രൗപതി മുർമുവിനെ പുതിയ പാർലമെന്റ് ഉദ്ഘാടനം ചെയ്യാൻ അനുവദിക്കാത്തത് എന്തുകൊണ്ടെന്നതാണെന്ന ചോദ്യത്തോടെയാണ് ട്വീറ്റ് അവസാനിക്കുന്നത്.
Discussion about this post