തിരുവനന്തപുരം: കമ്പം ടൗണിലിറങ്ങി പ്രശ്‌നമുണ്ടാക്കുന്ന അരിക്കൊമ്പൻ കേരളത്തിന്റെ ജനവാസമേഖലയിലേക്ക് കടന്നാൽ വിദഗ്ധസമിതിയുടെ ഉപദേശം തേടുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ. അരിക്കൊമ്പനെതിരെ നടപടി എടുക്കണമെങ്കിൽ ഹൈക്കോടതിയുടെ ഉപദേശം വേണം. ഇപ്പോൾ ആന തമിഴ്‌നാട് പരിധിയിലാണ്. അതുകൊണ്ട് തന്നെ വേണ്ട നടപടികൾ തമിഴ്‌നാട് എടുത്തുകൊള്ളും. അതിരുകവിഞ്ഞ ആനപ്രേമമാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്നും ശശീന്ദ്രൻ ആരോപിച്ചു.
” വനംവകുപ്പിന്റെ നിലപാട് ആനയെ മയക്കുവെടി വച്ച് പിടികൂടി ആന പരിപാലന കേന്ദ്രത്തിലേക്ക് അയയ്ക്കുക എന്നതായിരുന്നു. കോടതിയുടെ തീരുമാനം നിൽക്കെ ആ നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ല. ഹൈക്കോടതി നിയോഗിച്ച കമ്മീഷനുണ്ട്. ആന കേരളത്തിലെ ജനവാസമേഖലയിലേക്ക് വന്നാൽ എന്ത് നടപടിയാണ് സ്വീകരിക്കേണ്ടത് എന്ന് കോടതിയുടെ ഉപദേശം അനുസരിച്ച് ചെയ്യും.
ആനയെ ഉൾക്കാട്ടിൽ തുറന്ന് വിട്ടത് കൊണ്ട് കാര്യമൊന്നുമില്ലെന്ന നിലപാടാണ് ഞങ്ങൾ എടുത്തത്. പക്ഷേ കോടതി വിധി വന്നാൽ അതിനനുസരിച്ചേ കാര്യങ്ങൾ ചെയ്യാൻ കഴിയൂ. തമിഴ്‌നാടിന് ഉചിതമായ നടപടി സ്വീകരിക്കാം. അതിരുകവിഞ്ഞ ആന പ്രേമത്തിന്റെ പേരിൽ, ആനപ്രേമികൾ കോടതിയെ സമീപച്ചത് കൊണ്ടുണ്ടായ പ്രശ്‌നമാണിതെന്നും” എ.കെ.ശശീന്ദ്രൻ പറഞ്ഞു.
വിഷയത്തിൽ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവും എംപിയുമായ ഡീൻ കുര്യാക്കോസും രംഗത്തെത്തിയിട്ടുണ്ട്. ഇത്രയും അക്രമകാരിയായ ഇത്രയും ആളുകളെ കൊന്നൊടുക്കിയ നാടിന് മുഴുവൻ അസ്വസ്ഥത ഉണ്ടാക്കുന്ന കാട്ടാനയെ മെരുക്കാൻ കഴിവില്ലാത്ത സമൂഹം കേരളത്തിൽ ഉണ്ടായിപ്പോയി എന്നതിൽ ലജ്ജിക്കുന്നുവെന്നും ഡീൻ കുര്യാക്കോസ് വിമർശിച്ചു.
Discussion about this post