ഈയിടെ മാതൃഭൂമിയിൽ വഴിപോക്കനെന്ന അജ്ഞാത ന്റേതായി ഒരു ലേഖനം വന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യമിട്ട് അൽപ്പത്തരങ്ങളുടെ തമ്പുരാനെന്ന തലക്കെട്ടിലായിരുന്നു ലേഖനം. എല്ലാമറിയുന്നവൻ ഞാനെന്ന ഒരു ഭാവത്തോടെയാണ് പൊതുവേ വഴിപോക്കന്റെ ലേഖനങ്ങൾ.. പറയുന്നതിൽ മുക്കാലും ആർക്കെങ്കിലുമെതിരേയുള്ള വാചാടോപങ്ങളും.. ആർക്കെങ്കിലുമെതിരെ എന്നല്ല കൃത്യമായി പറഞ്ഞാൽ നരേന്ദ്രമോദിക്കും ബിജെപിക്കും ആർ.എസ്.എസിനും എതിരെയാണ് മിക്ക വാചകക്കസർത്തുകളും ..
വെറും രാഷ്ട്രീയ എതിർപ്പ് എന്നതല്ലാതെ തലയിൽ ആൾതാമസമില്ലാത്തവർ എഴുതുന്ന തരത്തിൽ ഉള്ളു പൊള്ളയാണ് ഇയാളുടെ ലേഖനങ്ങൾ. നരേന്ദ്ര മോദിയേയും ബിജെപിയേയും നാല് കുറ്റം പറയുക . വഴിപോക്കനെന്ന് ബൈലൈനും വെച്ച് പുറത്തേക്ക് ഛർദ്ദിക്കുക. അതല്ലാതെ കാമ്പുള്ള ഒന്നും അതിൽ കാണാറില്ല. എന്തോ പറയാൻ ഒരുങ്ങി എന്തൊക്കെയോ പറഞ്ഞ് അവസാനം ഒരു വഴിയിൽ കേട്ടതുമിട്ടാൽ എല്ലാം പൂർണമായി എന്നാണെന്നു തോന്നുന്നു എഴുത്തുകാരന്റെ വിചാരം. നാലാം കിട രാഷ്ട്രീയ മറുപടികൾക്ക് പോലും ഇതിലും നിലവാരമുണ്ട്.
പാർലമെന്റിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വഴിപോക്കൻ എഴുതിയത് നമുക്കൊന്ന് വിശകലനം ചെയ്യാം. രാമചന്ദ്ര ഗുഹയിലാണ് വഴിപോക്കൻ തുടങ്ങുന്നത്. ഡൽഹിയിലെ സെൻട്രൽ വിസ്റ്റ പദ്ധതി പൊങ്ങച്ചവും വിഢിത്തവുമാണെന്ന് ഗുഹ പറഞ്ഞിട്ടുണ്ടത്രെ. അല്ല വഴിപോക്കാ രാമചന്ദ്ര ഗുഹ എന്നാണ് അവസാന വാക്കായത് ? പുതിയ പാർലമെന്റ് മന്ദിരം ആവശ്യമാണെന്ന് രാഷ്ട്രീയ ഭേദമെന്യേ ഉയർന്ന ആവശ്യമായിരുന്നില്ലേ. ആവശ്യത്തിന് ഇരിപ്പിടങ്ങളോ സുരക്ഷയോ ഒന്നുമില്ലാത്ത തരത്തിൽ , തന്ത്രപ്രധാനമായ ഓഫീസുകളെല്ലാം സ്ഥിതി ചെയ്യാനാവശ്യമായ സ്ഥല സൗകര്യമില്ലാത്ത അവസ്ഥയിലായിരുന്ന പഴയ മന്ദിരം പുതുക്കി പണിയുകയോ പുതിയത് പണിയിക്കുകയോ ചെയ്യണമെന്ന ആവശ്യം നേരത്തെ ഉയർന്നതാണ്. അത് നടപ്പിലാകുമ്പോൾ ഭരണ സൗകര്യവും സാങ്കേതികതയും സുരക്ഷയുമൊക്കെ പ്രധാന ഘടകങ്ങളാണ്.
പ്രധാനമന്ത്രിക്കായി പണിയിക്കുന്ന വീടിനെക്കുറിച്ചും രാമചന്ദ്രഗുഹയ്ക്ക് എതിർപ്പുണ്ട്. യഥാർത്ഥത്തിൽ ഈ വീട് ഇന്ത്യൻ പ്രധാനമന്ത്രിക്കുള്ളതാണ്. ആ സ്ഥാനത്ത് ആരെത്തിയാലും. പാർലമെന്റ് മന്ദിരം ഇന്ത്യൻ ജനതയ്ക്ക് വേണ്ടിയാണ്. അവരുടെ പ്രതിനിധികൾക്കായാണ്. അല്ലാതെ നരേന്ദ്ര മോദി സർക്കാർ കാലാകാലം ഭരിച്ച് അവരുടെ അധീനതയിൽ തന്നെ തുടരുമെന്നാണ് ചിന്തയെങ്കിൽ അത് നിരാശാബോധമാണെന്ന് പറയാതെ വയ്യ. മൂന്ന് വർഷങ്ങൾക്ക് മുൻപെഴുതിയ ലേഖനങ്ങൾ ഇന്ത്യൻ സാമ്പത്തിക രംഗം തകർന്ന് കിടക്കുകയാണെന്നൊക്കെ പറയുന്നുണ്ട്. ഇന്ന് ഏറ്റവും വളർച്ചയുള്ള സമ്പദ് രംഗം ഇന്ത്യയുടേതാണ്. പഴയ വിശകലനങ്ങളൊക്കെ എടുത്തുപയോഗിക്കുമ്പോൾ സംഭവിക്കുന്ന പ്രശ്നങ്ങളാണിതൊക്കെ. മോദിക്കെതിരെ വായിൽതോന്നുന്നത് പറയാൻ വേണ്ടി മാത്രമുള്ള മാദ്ധ്യമപ്രവർത്തനമാകുമ്പോൾ സംഭവിക്കുന്നതാണ്.
പുതിയ മന്ദിര നിർമ്മാണത്തിന് വാസ്തുവാണ് കാരണമെന്നാണ് വഴിപോക്കന്റെ മറ്റൊരു ആരോപണം. അതിന് ആധാരമാക്കിയിരിക്കുന്നത് മറ്റൊരു മാദ്ധ്യമ പ്രവർത്തകന്റെ ലേഖനത്തെ. അശ്വനികുമാർ ബൻസാലെന്ന വാസ്തു വിദഗ്ദ്ധനാണത്രെ പുതിയ മന്ദിരം കെട്ടാൻ കാരണം. എന്നിട്ടതേ ഭാഗത്തിന്റെ അവസാനം പുതിയ മന്ദിരത്തെക്കുറിച്ച് ബൻസാലിന്റെ അഭിപ്രായം പറഞ്ഞിട്ടുണ്ട്. ത്രികോണ രൂപമുള്ള മന്ദിരം അഗ്നിയെ സൂചിപ്പിക്കുന്നുവെന്നും എല്ലാം നശിപ്പിക്കുമെന്നുമാണ് ബൻസാലിന്റെ മറുപടിയത്രേ. അപ്പോൾ പിന്നെ വാസ്തു ഒരു ഘടകമല്ലെന്ന് അവിടെ തെളിയുകയല്ലേ . വഴിപോക്കൻ എന്താ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹത്തിനു പോലുമറിയില്ല എന്നതാണ് സത്യം.
നരേന്ദ്രമോദിക്കെതിരെ ആണെങ്കിൽ എന്തും പറയാമെന്നാണ് വഴിപോക്കൻ കരുതുന്നത്. സർദാർ പട്ടേൽ സ്റ്റേഡിയം നരേന്ദ്ര മോദി സ്റ്റേഡിയം ആക്കിയെന്നാണ് വഴിപോക്കന്റെ ആരോപണം. സത്യത്തിൽ സർദാർ വല്ലഭ് ഭായ് പട്ടേൽ സ്പോട്സ് എൻക്ലേവിലെ ക്രിക്കറ്റ് സ്റ്റേഡിയമാണ് നരേന്ദ്രമോദി ക്രിക്കറ്റ് സ്റ്റേഡിയം. അത് നേരത്തെ മൊട്ടേര സ്റ്റേഡിയം എന്നാണറിയപ്പെട്ടിരുന്നത്. പട്ടേലിന്റെ പേരിലുള്ള സ്റ്റേഡിയം അഹമ്മദാബാദിൽ അതേ പേരിൽ തന്നെ ഇപ്പോഴുമുണ്ട്. മോദി സ്വയം സ്വന്തം പേരു കൊടുത്തെന്നാണ് അടുത്ത ആരോപണം. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴല്ല ഇന്ത്യൻ പ്രധാനമന്ത്രിയായി ഇരുന്നപ്പോഴാണ് ആ പേരു വരുന്നത്. പ്രധാനമന്ത്രിയായിരിക്കുമ്പോൾ സ്വയം ഭാരതരത്ന സ്വീകരിച്ച ജവഹർലാൽ നെഹ്രുവിനെ മഹാനാക്കി ഇതേ ലേഖനത്തിൽ തന്നെ പരാമർശിച്ചിട്ടുണ്ടെന്നതാണ് വിരോധാഭാസം.
ചുരുക്കം പറഞ്ഞാൽ വയറിൽ വന്ന ലേഖനങ്ങളിൽ നിന്നുള്ളതെടുത്ത് ഒരു വയറിളക്കം നടത്തുകയാണ് വഴിപോക്കൻ ചെയ്യുന്നത്. ജനങ്ങൾ തിരഞ്ഞെടുത്ത് ഇന്ത്യൻ ജനാധിപത്യത്തിന്റെ ആദർശങ്ങൾക്കനുസരിച്ച് ഭരണ നേതൃത്വത്തിലെത്തിയ ഒരു പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യേണ്ടത് ഏതൊക്കെ എന്ന് അങ്ങോട്ട് നിർദ്ദേശിക്കുന്നതും അലമ്പുണ്ടാക്കുന്നതും പ്രതിപക്ഷത്തിന്റെ കൊതിക്കെറുവും മുന്തിരിപ്പുളിയുമാണ്. അർഹതയുള്ളവരാണ് ഉദ്ഘാടനം ചെയ്യുന്നത്. പ്രധാനമന്ത്രിയുള്ളപ്പോൾ യുപിഎ ചെയർ പേഴ്സൺ ഉദ്ഘാടനം ചെയ്യുന്ന പഴയ ഇന്ത്യയല്ല ഇത്. പാർലമെന്റിന്റെ നേതാവ് പ്രധാനമന്ത്രിയാണ്. പാർലമെന്റിന്റെ പുതിയ മന്ദിരം അദ്ദേഹം ഉദ്ഘാടനം ചെയ്യുന്നത് സ്വാഭാവികമാണ്. ഭരണഘടനാപരമായി അതിൽ ഒരു തെറ്റുമില്ലാത്തതു കൊണ്ടാണ് അതിനെതിരെ കൊടുത്ത ഹർജി സുപ്രീം കോടതി എടുത്ത് തോട്ടിൽ കളഞ്ഞത്.
പ്രതിപക്ഷത്തിന്റെ അസൂയയും കുശുമ്പും മനുഷ്യ സഹജമാണ് . സ്വാഭാവികമാണ്. പക്ഷേ വഴി പോക്കന്റെ അവഹേളിക്കൽ മാദ്ധ്യമ പ്രവർത്തനമല്ല. പിതൃശൂന്യതയാണ്. എന്നുവെച്ചാൽ അൽപ്പത്തരം വഴിപോക്കന്റെ പ്രശ്നമല്ല. അത് അദ്ദേഹത്തിന്റെ പിതാവിന്റെ പ്രശ്നമാണെന്ന് സാരം.
Discussion about this post