2008 ൽ മുംബൈ ഭീകരാക്രമണമുണ്ടായപ്പോൾ എൻ.എസ്.ജി എത്താൻ താമസിച്ചതും പെട്ടെന്നുള്ള പ്രവർത്തനത്തിനായി നേവി കമാൻഡോകളായ മാർകോസിനെ ഇറക്കേണ്ടി വന്നതും രാജ്യത്തിന് നാണക്കേടുണ്ടാക്കുന്ന ഓർമ്മകളാണ്. ഭരണാധികാരികളുടെ പെട്ടെന്നുള്ള തീരുമാനവും സൈന്യത്തിനു കൊടുക്കുന്ന പിന്തുണയുമാണ് ഇക്കാര്യത്തിൽ എത്രയും വേഗമുള്ള പ്രവർത്തനത്തെ സഹായിക്കുന്നത്. നരേന്ദ്രമോദി സർക്കാർ അധികാരമേറ്റതിനു ശേഷം ഏറ്റവും ശ്രദ്ധിച്ച മേഖലകളിലൊന്നാണ് പ്രതിരോധവും രാജ്യസുരക്ഷയും. ദ്രുതഗതിയിലുള്ള തീരുമാനങ്ങൾ, കൃത്യമായ ആസൂത്രണം, പിഴവില്ലാത്ത നടപ്പാക്കൽ. ഈ മൂന്നു കാര്യങ്ങളിലും വളരെ അഭിനന്ദനാർഹമായ പ്രവർത്തനമാണ് മോദി സർക്കാർ കാഴ്ച്ച വയ്ക്കുന്നത്.
ഉറിയിലെ ഭീകരാക്രമണത്തിനെതിരെ നടത്തിയ സർജിക്കൽ സ്ട്രൈക്ക്, യെമനിൽ നിന്നും ഇറാഖിൽ നിന്നും യുദ്ധത്തിനിടയിൽ പെട്ട നഴ്സുമാരെ തിരിച്ചെത്തിച്ച നയതന്ത്രജ്ഞത, പുൽവാമ ആക്രമണത്തിന് ബാലാകോട്ടിൽ നടത്തിയ പ്രത്യാക്രമണം, പാകിസ്താനിൽ പെട്ടുപോയ വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ തിരിച്ചെത്തിച്ചത്, യുക്രെയ്ൻ യുദ്ധത്തിനിടയിൽ കൂടി ഇന്ത്യൻ വിദ്യാർത്ഥികളെ സുരക്ഷിതമായി എത്തിച്ചത്, കൊറോണ മഹാമാരിക്കിടയിൽ വിദേശങ്ങളിൽ നിന്നുള്ളവരെ നാട്ടിലെത്തിച്ചത് തുടങ്ങി മോദി കാലത്ത് സ്തുത്യർഹമായും കൃത്യതയോടും ഇടപെടൽ നടന്ന സംഭവങ്ങൾ നിരവധിയാണ്.
മോദി സർക്കാരിന്റെ മറ്റൊരു ഇടപെടലിന്റെ വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നത് ഇതുവരെ പറഞ്ഞ കാര്യങ്ങൾ ഒന്നുകൂടി ഉറപ്പിക്കുന്നതാണ്. തുർക്കിയിലുണ്ടായ ഭൂകമ്പത്തിൽ രക്ഷാപ്രവർത്തനത്തിന് ആദ്യമെത്തി പ്രവർത്തനം തുടങ്ങിയ ടീമായി രാജ്യത്തിന്റെ ദുരന്ത നിവാരണ സേന ( എൻ.ഡി.ആർ.എഫ് ) മാറിയതെങ്ങനെയെന്ന് അതിന്റെ ഡയറക്ടർ ജനറൽ തന്നെ സാക്ഷ്യപ്പെടുത്തുന്നു. തുർക്കിയിലേക്ക് പോകാനുള്ള ടീമംഗങ്ങളെ തിരഞ്ഞെടുത്തപ്പോൾ പലർക്കും പാസ്പോർട്ട് പോലുമില്ലായിരുന്നു. പ്രധാനമന്ത്രിയുടെ നിർദ്ദേശത്തിനു പിന്നാലെ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ച വിദേശകാര്യ വകുപ്പ് മണിക്കൂറുകൾക്കുള്ളിൽ എല്ലാ ടീമംഗങ്ങൾക്കും പാസ്പോർട്ട് ഇഷ്യൂ ചെയ്തു. തുർക്കി എംബസിയുമായി ബന്ധപ്പെട്ട് വിസ ഓൺ അറൈവൽ നടപടികളും പൂർത്തിയാക്കി.
വ്യോമസേന 3 സി-17 ഗ്ലോബ് മാസ്റ്റർ വിമാനങ്ങൾ തയ്യാറാക്കി. ആവശ്യത്തിന് ആധുനിക ഉപകരണങ്ങളും വാഹനങ്ങളും വിമാനത്തിൽ ഒരുക്കിവെച്ചിട്ടുണ്ടായിരുന്നു. ഫെബ്രുവരി 7 ന് രാവിലെ 3 മണിക്ക് ആദ്യ ടീം തുർക്കിക്ക് തിരിച്ചു. തുർക്കിയിൽ മറ്റ് ചില രാജ്യങ്ങളിൽ നിന്ന് രക്ഷാപ്രവർത്തന സംഘങ്ങൾ എത്തിയിരുന്നെങ്കിലും പ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ആവശ്യമായ ഉപകരണങ്ങളോടെ എത്തിയ ഇന്ത്യൻ ടീം അപ്പോൾ തന്നെ പ്രവർത്തനം തുടങ്ങി. വിലയേറിയ ജീവനുകൾ രക്ഷിക്കുകയും ചെയ്തു. ഈ പ്രവർത്തനത്തിന് തുർക്കിയിൽ നിന്നും അന്താരാഷ്ട്ര സമൂഹത്തിൽ നിന്നും ലഭിച്ച അഭിനന്ദനങ്ങൾ അനവധിയാണ്. വിലപ്പെട്ട ജീവനുകൾ രക്ഷിക്കുക മാത്രമല്ല വേണ്ടത് വേണ്ടപ്പോൾ ചെയ്ത് അന്താരാഷ്ട്ര തലത്തിൽ നല്ലൊരു മാതൃകയാവാനും നമ്മുടെ രാജ്യത്തിനു കഴിഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വഴികാട്ടുന്ന ആദർശം മുന്നോട്ടു വെക്കുന്ന ചില സ്വഭാവങ്ങളുണ്ട്. അതിലൊന്നാണ് ശ്രുതം. വേണ്ടത് വേണ്ട സമയത്ത് ചെയ്യാനുള്ള തിരിച്ചറിവ്. സമയത്ത് വേണ്ടത് ചെയ്യാനുള്ള അറിവും കർമ്മ കുശലതയും. മോദി സർക്കാരിന്റെ പ്രവർത്തനത്തിന്റെ ഊർജ്ജ സ്രോതസ്സാകുന്നത് ഇത്തരം സ്വഭാവങ്ങളാണ്. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ആദർശം മുന്നോട്ടുവെക്കുന്ന ആ സ്വഭാവങ്ങളാണ് സാധാരണക്കാരെ കൊണ്ട് അസാധാരണ കാര്യങ്ങൾ ചെയ്യിപ്പിക്കുന്നതും. അതാണ് ഈ സർക്കാരിന്റെ കരുത്തും പ്രചോദനവും.
Discussion about this post