തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റിയിൽ ഭാരാവാഹിത്വം ലഭിക്കാൻ കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ എസ്എഫ്‌ഐ നടത്തിയ ആൾമാറാട്ട കേസിൽ അന്വേഷണം അട്ടിമറിയ്ക്കാൻ പോലീസ് ശ്രമം. പരാതിയിൽ കേസ് എടുത്ത് ഒരാഴ്ച പിന്നിട്ടിട്ടും പോലീസ് കാര്യമായ നടപടികളിലേക്ക് കടന്നിട്ടില്ലെന്ന് ആണ് ആക്ഷേപം. സിപിഎം നേതൃത്വമാണ് ഇതിന് പിന്നിലെന്നാണ് വ്യാപകമായി ഉയരുന്ന വിമർശനം.
കഴിഞ്ഞ ആഴ്ചയാണ് സർവ്വകലാശാല നൽകിയ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിന് പിന്നാലെ കോളേജിലും സർവ്വകലാശാലയിലും എത്തി പോലീസ് പരിശോധന നടത്തി. എന്നാൽ ഇതിന് ശേഷം യാതൊരു നടപടിയും പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. കേസിലെ രണ്ടാം പ്രതിയായ വിശാഖിന്റെ മൊഴി രേഖപ്പെടുത്താൻ ഇതുവരെ പോലീസ് തയ്യാറായിട്ടില്ല. അനഘയുടെ മൊഴിയെടുപ്പും ഇതുവരെ പൂർത്തിയാക്കിയിട്ടില്ല.
തിരഞ്ഞെടുപ്പിൽ ആൾമാറാട്ടം നടന്നോ ഇല്ലയോ എന്നകാര്യമാണ് പോലീസ് തെളിയിക്കേണ്ടത്. തിരഞ്ഞെടുപ്പിൽ ജയിച്ച അനഘ എങ്ങനെയാണ് കോളേജ് നൽകിയ പട്ടികയിൽ നിന്നും പുറത്ത് പോയതെന്നും, വിശാഖിനെ എങ്ങനെ തിരികി കയറ്റി എന്നും കണ്ടെത്തണം. പിന്നിൽ സിപിഎം ഉന്നതരുടെ ഇടപെടൽ ഉണ്ടെങ്കിൽ അതും പോലീസ് പുറത്തുകൊണ്ടുവരണം. എന്നാൽ ഇതിനൊന്നുമുള്ള ശ്രമം പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല.
ഇന്നലെയും പോലീസ് കാട്ടാക്കട കോളേജിൽ എത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. കഴിഞ്ഞ ഏതാനും നാളുകളായി വിവര ശേഖരണം മാത്രമാണ് നടക്കുന്നത്. പരമാവധി അന്വേഷണം നീട്ടിക്കൊണ്ട് പോകുകയാണ് ഇതിലൂടെ പോലീസ് ലക്ഷ്യമിടുന്നത്.
Discussion about this post