എറണാകുളം: ആലുവ തന്ത്രവിദ്യാ പീഠം കുലപതി തന്ത്രരത്‌നം അഴകത്ത് ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാട് വിടവാങ്ങി. 73 വയസ്സായിരുന്നു. സംസ്‌കൃതം, തന്ത്രം, വേദങ്ങൾ എന്നിവയിൽ അഗാധമായ പ്രാവീണ്യം നേടിയ വ്യക്തിത്വം ആയിരുന്നു അദ്ദേഹം.
പട്ടാമ്പിയിലെ അഴകത്ത് മനയ്ക്കൽ അഷ്ടമൂർത്തി നമ്പൂതിരിപ്പാടിന്റെയും ശ്രീദേവി അന്തർജനത്തിന്റെയും ഏഴ് മക്കളിൽ നാലാമത്തെ മകനായി 1950ലാണ് ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാട് ജനിച്ചത്. പാരമ്പര്യ ഗുരുകുല വിദ്യാഭ്യാസത്തിനും ഔപചാരിക സ്‌ക്കൂൾ വിദ്യാഭ്യാസത്തിനും ശേഷം, 1972ൽ ആരംഭിച്ച ആലുവയിലെ തന്ത്ര വിദ്യാപീഠം നടത്തിയ താന്ത്രിക് പഠന കോഴ്സിലെ ആദ്യ ബാച്ചിലെ വിദ്യാർത്ഥിയായിരുന്നു അദ്ദേഹം. തുടർന്ന് അവിടെത്തന്നെ അദ്ധ്യാപകനായി. പിന്നീട് തുടർച്ചയായി തന്ത്രവിദ്യാ പീഠത്തിന്റെ അദ്ധ്യക്ഷനായി മാർഗനിർദ്ദേശം നൽകി പ്രവർത്തിച്ച് വരികയായിരുന്നു.
കാഞ്ചി കാമകോടി പീഠത്തിൽ നിന്ന് സ്‌കോളർഷിപ്പ് ലഭിച്ച ആദ്യ വിദ്യാർത്ഥിയാണ് അദ്ദേഹം. ജാതിയും ജാതിവിവേചനങ്ങളും കത്തിനിന്നകാലത്ത് അബ്രാഹ്‌മണ ജനസമൂഹത്തെ ക്ഷേത്രത്തിലേക്ക് കയറ്റിയിരുത്തിയ ആളായിരുന്നു അദ്ദേഹം. പ്രശസ്തമായ തന്ത്രി കുടുംബത്തിൽ പിറന്ന്, അതിപ്രശസ്തരായ ഗുരുക്കളിൽ നിന്ന് തന്ത്രം പഠിച്ച അഴകത്ത് പക്ഷേ, തന്റെ ജ്ഞാനം ജാതിഭേദമെന്യേ പകർന്നു നൽകാൻ ഒരു പിശുക്കും കാട്ടിയില്ല. താന്ത്രികവൃത്തിയിൽ മാത്രമല്ല, വ്യക്തിജീവിതത്തിലും വീട്ടിലും ജാതിയെ അദ്ദേഹം പുറത്തുനിറുത്തി. കേരളത്തിലെ ആദ്ധ്യാത്മിക നവോത്ഥാന ചരിത്രത്തിൽ അദ്ദേഹത്തിന് നിർണായക സ്ഥാനമാണ് ഉള്ളത്. താന്ത്രിക, ക്ഷേത്രാരാധനാ കർമ്മങ്ങൾ ബ്രാഹ്‌മണരിൽ മാത്രം നിക്ഷിപ്തമായ കാലത്ത് ആ സമ്പ്രദായത്തെ ചോദ്യം ചെയ്ത പി.മാധവ്ജിയുടെ പ്രിയ ശിഷ്യനാണ് തന്ത്രരത്നം അഴകത്ത് ശാസ്തൃശർമ്മൻ.
യഥാസ്ഥിതികരുടെ ശക്തമായ എതിർപ്പും ബഹിഷ്‌കരണങ്ങളും അവഗണിച്ച് തന്റെ ദൗത്യത്തിൽ ഉറച്ചു നിന്നു അദ്ദേഹം. അഴകത്തിന്റെ ആത്മാർത്ഥമായ പിന്തുണകൊണ്ട് ബ്രാഹ്‌മണരിൽ മാത്രം ഒതുങ്ങി നിന്ന പൂജാ, താന്ത്രിക സമ്പ്രദായങ്ങൾ പിന്നാക്കവിഭാഗങ്ങളിൽപ്പെട്ട പൂജാരിമാരിലേക്ക് എത്തിയത്. തന്ത്രവിധികൾ അബ്രാഹ്‌മണരെ പഠിപ്പിക്കാൻ വേണ്ടി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പ്രത്യേക ശിബിരങ്ങളിൽ ആചാര്യനാകാൻ രണ്ടുവട്ടം ആലോചിക്കേണ്ടി വന്നില്ല അദ്ദേഹത്തിന്. ബ്രാഹ്‌മണ്യം കർമ്മസിദ്ധമെന്ന പ്രഖ്യാപനം നടത്തിയ പാലിയം വിളംബരത്തിന് മുന്നേ തന്നെ അഴകത്ത് ഈ പാതയിലായിരുന്നു. സ്വന്തം ദീക്ഷാഗുരുവായ പി.മാധവ് ജി തന്നെയായിരുന്നു വഴികാട്ടി.
പാലിയം വിളംബരത്തെ തുടർന്ന് അബ്രാഹ്‌മണരെ പൂജാവിധികൾ പഠിപ്പിക്കാനായി ആലുവ അദ്വൈതാശ്രമത്തിൽ കാഞ്ചി ശങ്കരാചാര്യരുടെയും പി.മാധവ് ജിയുടേയും നേതൃത്വത്തിൽ സംഘടിപ്പിച്ച പഠനശിബിരത്തിലും തുടർന്ന് വർക്കല ശിവഗിരി മഠത്തിലും കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിലും നടന്ന ശിബിരങ്ങളിലും ആചാര്യസ്ഥാനം വഹിച്ചു. ഭേദചിന്തകളൊന്നുമില്ലാതെ ക്ഷേത്ര നവീകരണ യജ്ഞങ്ങൾക്കൊപ്പമായിരുന്നു നിസ്വാർത്ഥമായ ജീവിതം. ക്ഷേത്രങ്ങളിൽ നിന്ന് ക്ഷേത്രങ്ങളിലേക്കുള്ള നിരന്തര സഞ്ചാരം. പതിറ്റാണ്ടുകളോളം അഴകത്തിന്റെ ഡയറിയിൽ ഒരു പ്രതിഷ്ഠാ മുഹൂർത്തവും ഒഴിഞ്ഞു കിടന്നില്ല. കേരളത്തിന് അകത്തും പുറത്തും നൂറു കണക്കിന് ക്ഷേത്രങ്ങളാണ് ആ മഹായജ്ഞത്തിൽ ഉയർന്നുവന്നത്. നാനൂറോളം ക്ഷേത്രങ്ങളുടെ തന്ത്രിസ്ഥാനമുള്ള അപൂർവം ആചാര്യന്മാരിൽ ഒരാൾ കൂടിയാണ് അദ്ദേഹം. കേരളം, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ 350-ലധികം ക്ഷേത്രങ്ങളുടെ തന്ത്രിയാണ്. തന്ത്രവിദ്യാപീഠത്തിൽ വിദ്യാർത്ഥി ആയിരിക്കെ വയനാട് കാണിയാംപാറ്റയിൽ ഉള്ള അയ്യപ്പ ക്ഷേത്രത്തിന്റെ നവീകരണം നടത്തിയാണ് തുടക്കം.
1988ൽ മാതാ അമൃതാനന്ദമയി ദേവിയുടെ ബ്രഹ്‌മസ്ഥാനക്ഷേത്രങ്ങളുടെ താന്ത്രിക രൂപകൽപ്പന ചെയ്തതും കൊടുങ്ങല്ലൂരിൽ ആദ്യ ബ്രഹ്‌മസ്ഥാന പ്രതിഷ്ഠയുടെ താന്ത്രിക ചടങ്ങുകൾ നിർവഹിച്ചതും അഴകത്തായിരുന്നു. പൂനെയിലെ നിഗഡി ശ്രീകൃഷ്ണ മന്ദിർ, മുംബൈയിൽ താനേ വർക്കത്ത്നഗർ അയ്യപ്പ ക്ഷേത്രം, നേരുൾ അയ്യപ്പ ക്ഷേത്രം, ഗുജറാത്തിലെ ആംഗലേശ്വർ അയ്യപ്പ ക്ഷേത്രം, ബറുച്ചിലെ അയ്യപ്പ, വിഷ്ണു മന്ദിർ, സേലം അയ്യപ്പ ക്ഷേത്രം, ബാംഗ്ളൂരിലെ അൾസൂർ അയ്യപ്പ ക്ഷേത്രം, അങ്ങിനെ നിരവധി ക്ഷേത്രങ്ങളിൽ പ്രതിഷ്ഠ നിർവഹിച്ചു.
Discussion about this post