ഇടുക്കി: തുടർച്ചയായ മൂന്നാം ദിവസവും വനത്തിനുള്ളിൽ തന്നെ തുടർന്ന് അരിക്കൊമ്പൻ. ആനയെ മയക്കുവെടിവച്ച് പിടികൂടാനുള്ള എല്ലാ സംവിധാനവും പ്രദേശത്ത് സജ്ജമാണ്. എന്നാൽ ആന ജനവാസമേഖലയിലേക്ക് കഴിഞ്ഞ മൂന്ന് ദിവസമായി വരുന്നില്ല.
ജനവാസ മേഖലയിൽ ഇറങ്ങിയാൽ മാത്രമേ അരിക്കൊമ്പനെ മയക്കുവെടി വയ്ക്കുകയുള്ളൂ. നിലവിൽ ഷണ്മുഖ നദിക്കരയിൽ ആണ് ആന ഉള്ളത്. അണക്കെട്ടിൽ നിന്നും വെള്ളം കുടിച്ചും, ഭക്ഷണം കഴിച്ചും ആന ഇവിടെ തന്നെ തുടരുകയാണ്. ആരോഗ്യനില ആന വീണ്ടെടുത്തുവെന്നാണ് തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
കമ്പത്തെ ജനവാസ മേഖലയിൽ എത്തിയ ആന വനത്തിലേക്ക് പോകുമ്പോൾ ക്ഷീണിതനായിരുന്നു. ഇതിന് പുറമേ തുമ്പിക്കയ്യിൽ ചെറിയ പരിക്കും ഉണ്ടായിരുന്നു. എന്നാൽ കാട്ടിനുള്ളിൽ ആവശ്യത്തിന് വെള്ളവും ഭക്ഷണവും കിട്ടിയതോടെ ആന പതിയെ ആരോഗ്യം വീണ്ടെടുത്തു.
അതേസമയം ആന ഏത് സമയവും ജനവാസ മേഖലയിലേക്ക് ഇറങ്ങിയേക്കാമെന്ന വിലയിരുത്തലിൽ ആണ് വനംവകുപ്പ്. അതുകൊണ്ടുതന്നെ ആനയെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
Discussion about this post