കൊച്ചി: സിബിൽ സ്‌കോർ കുറവാണെന്നതു കൊണ്ടു മാത്രം ബാങ്കുകൾ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ വായ്പ നിഷേധിക്കരുതെന്ന് ഹൈക്കോടതി. വിദ്യാർത്ഥികൾ നാളത്തെ രാഷ്ട്രനിർമാതാക്കളാണെന്നും വിദ്യാഭ്യാസ വായ്പാ അപേക്ഷകരോട് മനുഷ്യത്വത്തോടെയുള്ള സമീപനം വേണമെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ ചൂണ്ടിക്കാട്ടി.
അച്ഛൻറെ സിബിൽ സ്‌കോർ കുറവാണെന്ന പേരിൽ ബാങ്ക് അധികൃതർ വിദ്യാഭ്യാസ വായ്പ നിഷേധിച്ചത് ചോദ്യം ചെയ്ത് ഭോപ്പാലിൽ എൻജിനീയറിങ് വിദ്യാർത്ഥിയായ ആലുവ സ്വദേശി നോയൽ പോൾ ഫ്രഡ്ഡിറിക് നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭോപ്പാൽ ക്യാമ്പസിലെ ബിടെക് വിദ്യാർത്ഥിയാണ് നോയൽ. അവസാന സെമസ്റ്റർ ഫീ നൽകുന്നതിനായാണ് വിദ്യാഭ്യാസ വായ്പയ്ക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ സമീപിച്ചത്.
എന്നാൽ സിബിൽ സ്‌കോർ കുറവാണെന്ന പേരിൽ ബാങ്ക് വായ്പ നിഷേധിക്കുകയായിരുന്നു.നോയലിന്റെ പിതാവിൻറെ പേരിലുണ്ടായിരുന്ന രണ്ട് വായ്പകളിലൊന്ന് എഴുതിത്തള്ളുകയും മറ്റൊന്നിൽ 16,667 രൂപ കുടിശ്ശികയുമുണ്ടായിരുന്നതിനെ തുടർന്നാണ് ബാങ്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ചതെന്ന് ഹർജിയിൽ പറയുന്നു.
ആദ്യ സെമസ്റ്ററുകളിലെല്ലാം മികച്ച മാർക്ക് നേടിയ നോയലിന് ഒമാനിലെ ഗ്ലോബൽ മണി എക്സ്ചേഞ്ചിൽ ജോലി ലഭിച്ചിട്ടുണ്ട്. പഠനം പൂർത്തിയായെന്ന സർട്ടിഫിക്കറ്റ് നൽകിയാലേ വീസ പ്രക്രിയ പൂർത്തിയാക്കാനാവൂ. യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റ് നൽകണമെങ്കിൽ അവസാന സെമസ്റ്ററിലെ ഫീ ആയ 4,07,200 രൂപ നൽകണമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് അനുവദിച്ച കോടതി പണം നൽകാൻ ബാങ്കിനു നിർദേശം നൽകി.
Discussion about this post