കൊച്ചി: സിഐടിയു സംസ്ഥാന നേതാവ് പികെ അനിൽ കുമാർ മകന് സമ്മാനം നൽകാൻ 50 ലക്ഷത്തിലധികം വില വരുന്ന മിനി കൂപ്പർ വാങ്ങിയ സംഭവത്തിൽ തൊഴിലാളി പ്രസ്ഥാനത്തെ ട്രോളി അഡ്വ. എ ജയ്ശങ്കർ. രക്തസാക്ഷികൾ സിന്ദാബാദ്!. രക്തപതാക സിന്ദാബാദ്! രക്തപതാക തണലിൽ വിരിയും മിനി കൂപ്പർ സിന്ദാബാദ് എന്ന മുദ്രാവാക്യങ്ങളാണ് ജയ്ശങ്കർ ഫേസ്ബുക്കിൽ കുറിച്ചത്.
കഴിഞ്ഞ ദിവസമാണ് സിഐടിയുവിന് കീഴിലുളള പെട്രോളിയം ആന്റ് ഗ്യാസ് വർക്കേഴ്‌സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി പികെ അനിൽ കുമാർ മിനി കൂപ്പർ വാങ്ങിയ സംഭവം ചിത്രം സഹിതം പുറത്തുവന്നത്. ഇതോടെ സമൂഹമാദ്ധ്യമങ്ങളിലടക്കം ഇത് ചർച്ചയായി. സംഭവത്തിൽ സിപിഎം അന്വേഷണം തുടങ്ങിയതായും റിപ്പോർട്ടുകൾ ഉണ്ട്.
സംഭവം വിവാദമായതോടെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഉദ്യോഗസ്ഥയായ ഭാര്യയാണ് വാഹനം വാങ്ങിയതെന്ന് വാദിച്ച് അനിൽകുമാർ രംഗത്തെത്തി. പ്ലസ് ടുവിന് പഠിക്കുന്ന മകന് മിനി കൂപ്പറിനോട് ഭയങ്കര ക്രെയ്‌സ് ആണെന്നും അതിനാലാണ് വാങ്ങിയതെന്നും അനിൽ കുമാർ വിശദീകരിച്ചു. ഭാര്യ 28 വർഷമായി ഐഒസി ജീവനക്കാരിയാണെന്നും മുഴുവൻ പണവും ലോൺ ആണെന്നും അനിൽ കുമാർ പറയുന്നു. എന്നാൽ സംഭവം സമൂഹമാദ്ധ്യമങ്ങളിൽ അടക്കം ഇപ്പോഴും ചർച്ചയാണ്.
വൈപ്പിനിലെ ഗ്യാസ് ഏജൻസി ഉടമയായ സ്ത്രീയെ ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ അനിൽ കുമാർ വിവാദത്തിലായിരുന്നു. ഇന്നോവ ക്രിസ്റ്റ, ഹൈ ക്രോസ്, ഫോർച്യൂണർ അടക്കം ആഢംബര വാഹനങ്ങളുടെ ശ്രേണിയിൽപെടുത്താവുന്ന മറ്റ് വാഹനങ്ങളും അനിൽ കുമാറിന് സ്വന്തമായുണ്ട്. എന്നാൽ വിവാദങ്ങൾ ഒഴിവാക്കാൻ മിനി കൂപ്പർ ഭാര്യയുടെ പേരിലാണ് രജിസ്റ്റർ ചെയ്തത്.
Discussion about this post