തിരുവനന്തപുരം: ന്യൂയോർക്കിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന ലോക കേരളസഭാ മേഖലാ സമ്മേളനത്തിൽ ഒരു ലക്ഷം ഡോളറിന്റെ ഗോൾഡ് സ്‌പോൺസർഷിപ്പിന് പുറമെ ഡയമണ്ട് സ്‌പോൺസർഷിപ്പും. രണ്ടരലക്ഷം യുഎസ് ഡോളറാണ് ഡയമണ്ട് സ്‌പോൺസർഷിപ്പിനായി ചെലവിടേണ്ടത്. അതായത് ഏകദേശം 2.06 കോടി രൂപ.
അമേരിക്കൻ മലയാളിയായ ബാബു സ്റ്റീഫൻ ലോക കേരളസഭയിലെ ഡയമണ്ട് സ്‌പോൺസറാണ്. ഇതിനായി 2.5 ലക്ഷം ഡോളറിന്റെ ചെക്ക് സംഘാടക സമിതിക്ക് കൈമാറിയതിന്റെ വാർത്തയും ചിത്രയും ഇവരുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പങ്കുവച്ചിട്ടുണ്ട്. സംസ്ഥാന ഖജനാവിൽ നിന്ന് പണം ചെലവഴിച്ചിട്ടില്ലെന്നും, പ്രാദേശിക സംഘാടക സമിതി സ്‌പോൺസർഷിപ്പിലൂടെ സമ്മേളനം നടത്തുന്നുവെന്നുമാണ് വിഷയത്തിൽ സർക്കാരിന്റെ വാദം.
എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ.എൻ.ഷംസീർ, മന്ത്രി കെ.എൻ.ബാലഗോപാൽ, മുഖ്യമന്ത്രിയെ അനുഗമിക്കുന്ന ഉദ്യോഗസ്ഥർ എന്നിവരുടെ യാത്രാച്ചെലവ് സർക്കാരാണ് വഹിക്കുന്നത്. മുഖ്യമന്ത്രിയും സംഘവും മൂന്ന് ദിവസമാണ് അമേരിക്കയിൽ തങ്ങുന്നത്. എന്നാൽ ഏകോപനചുമതല നിർവഹിക്കുന്ന ഉദ്യോഗസ്ഥർ കൂടുതൽ ദിവസം അവിടെ ഉണ്ടാകും. ലോകകേരളസഭ സെക്രട്ടേറിയറ്റ് ഡയറക്ടർ കെ.വാസുകി 10 ദിവസമാണ് അവിടെ ചെലവിടുന്നത്. നോർക്ക വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ, സിഇഒ, ജനറൽ മാനേജർ എന്നിവർ ഒൻപത് ദിവസമാണ് അവിടെ തങ്ങുന്നത്. നോർക്ക റൂട്ട്‌സ് ഫണ്ടിൽ നിന്നാണ് ഇതിന്റെ ചെലവ്. ഇത്തരത്തിൽ സർക്കാർ നടത്തുന്ന ധൂർത്തിനെതിരെ വിമർശനം ശക്തമാവുകയാണ്.
Discussion about this post