യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി(ഇഎസ്എ) ഇന്നലെ തങ്ങളുടെ മാര്‍സ് എക്‌സ്പ്രസ് പേടകത്തിന്റെ ഇരുപതാം ജന്മദിനം ആഘോഷിച്ചത് ഇതുവരെ ലോകം കണ്ടിട്ടില്ലാത്ത ഒരു തത്സമയ സംപ്രേഷണം നടത്തിക്കൊണ്ടാണ്. ചൊവ്വയില്‍ നിന്നുള്ള ലൈവ്. നമ്മള്‍ ടിവിയിലും സോഷ്യല്‍മീഡിയയിലുമെല്ലാം കാണുന്ന ലൈവ് പോലെ ആയിരുന്നില്ല അത്. ചൊവ്വയില്‍ നിന്നും മാര്‍സ് എക്‌സ്പ്രസ് പേടകം തത്സമയം അയച്ചുകൊടുത്ത ചിത്രങ്ങള്‍ ഇഎസ്എ ഓരോ 50 സെക്കന്‍ഡിലും ഭൂമിയില്‍ കാണിച്ചു. ഭൂമിയുടെയും ചൊവ്വയുടെയും ഇന്നലത്തെ സ്ഥാനം അനുസരിച്ച് ചൊവ്വയില്‍ നിന്നും ഭൂമിയിലേക്ക് സിഗ്നലുകള്‍ എത്താന്‍ ഏതാണ്ട് 17 മിനിട്ടുകളെടുത്തു. അതായത് ചൊവ്വയില്‍ നടന്ന ഒരു കാര്യം 17 മിനിട്ടുകള്‍ക്ക് ശേഷം മാത്രമേ ഭൂമിയില്‍ കാണാനായുള്ളു.
എങ്കിലും ഇതാദ്യമായാണ് ചൊവ്വയിലെ ഏകദേശം തത്സമയം എന്ന് പറയാവുന്ന ദൃശ്യങ്ങള്‍ ഭൂമിയില്‍ ലഭ്യമാകുന്നത്.
“ഇതാ, ചൊവ്വയില്‍ നിന്നുള്ള ആദ്യ ചിത്രം. ചൊവ്വയിലേക്ക് പോയാലല്ലാതെ, ഇതിലും തത്സമയമായ ചൊവ്വാകാഴ്ചകള്‍ നിങ്ങള്‍ക്ക് കിട്ടുകയില്ല”. ജൂണ്‍ 2 രാത്രി 9.15ന് തത്സമയ സംപ്രേഷണം ആരംഭിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ ലഭിച്ച ആദ്യ ചിത്രം സ്‌ക്രീനില്‍ തെളിഞ്ഞപ്പോള്‍ ഇഎസ്എയുടെ കമന്റേറ്റര്‍ പറഞ്ഞ വാക്കുകളാണിത്.
ഭൂമിയുമായി നേരിട്ട് സമ്പര്‍ക്കമില്ലാത്ത സമയത്താണ് മാര്‍സ് എക്‌സ്പ്രസ് ചൊവ്വയുമായി ബന്ധപ്പെട്ട തന്റെ മിക്ക നിരീക്ഷണങ്ങളും നടത്തിയിരിക്കുന്നത്. അതിന് പ്രധാനമായും രണ്ട് കാരണങ്ങളാണ് അനുമാനിക്കപ്പെടുന്നത്. ഒന്നുകില്‍ പേടകം സൂര്യന്റെയോ ചൊവ്വയുടെയോ മറുപുറത്തായിരിക്കും, അല്ലെങ്കില്‍ നിരീക്ഷണങ്ങള്‍ നടത്തുമ്പോള്‍ അതിന്റെ ആന്റിനകള്‍ ഭൂമിയില്‍ നിന്നും എതിരായുള്ള ദിശയിലായിരിക്കും ഉണ്ടായിരുന്നിരിക്കുക.
സാധാരണയായി, മാര്‍സ് എക്‌സ്പ്രസിലെ വിഷ്വല്‍ മോണിറ്ററിംഗ് ക്യാമറ എടുത്ത ചൊവ്വയുടെ ചിത്രങ്ങള്‍ ദിവസങ്ങള്‍ കൂടുമ്പോഴാണ് ഭൂമിയിലേക്ക് അയക്കാറ്. ഇഎസ്എ ഇത് പരിശോധിച്ച് മാറ്റങ്ങള്‍ വരുത്തിയാണ് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാറ്. ശാസ്ത്ര ദൗത്യങ്ങള്‍ക്ക് മാര്‍സ് എക്‌സ്പ്രസിലെ സംവിധാനങ്ങള്‍ വളരെ ഉപകാരപ്രദമാണ്. പേടകം ശേഖരിച്ച വിവരങ്ങള്‍ ദിവസങ്ങള്‍ക്ക് ശേഷം ജ്യോതിശാസ്ത്രജ്ഞര്‍ പഠനവിധേയമാക്കാറാണ് പതിവ്. എന്നാല്‍ ചൊവ്വയില്‍ നിന്നും ഒരു തത്സമയ ദൃശ്യങ്ങള്‍ ഭൂമിയിലുള്ളവര്‍ക്കായി അവതരിപ്പിക്കുകയെന്നത് സാങ്കേതികപരമായി അല്‍പ്പം ബുദ്ധിമുട്ടേറിയ ദൗത്യമായിരുന്നു. ബഹിരാകാശത്ത് നിന്നും തത്സമയ ദൃശ്യങ്ങള്‍ ഭൂമിയിലെത്തിയ സംഭവങ്ങള്‍ അധികമൊന്നും ഇല്ലാത്തതും അതുകൊണ്ടാണ്. അപ്പോളോ ദൗത്യങ്ങള്‍ക്കിടെ തത്സമയ വീഡിയോ ഭൂമിയിലേക്ക് അയച്ചിട്ടുണ്ട്. അടുത്തിടെ, നാസ ഡിമോര്‍ഫസ് എന്ന ഛിന്നഗ്രഹത്തിലേക്ക് ബഹിരാകാശ പേടകത്തെ ഇടിപ്പിച്ച ഡാര്‍ട്ട് മിഷന്റെ ദൃശ്യങ്ങളും തത്സമയം ലഭ്യമായിരുന്നു.
Discussion about this post